ചെക്ക് കേസ് തള്ളി; കേരളത്തിൽ മടങ്ങിയെത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് ഗംഭീര സ്വീകരണം

തുഷാർ വെള്ളാപ്പള്ളിക്ക് ഗംഭീര സ്വീകരണമൊരുക്കി പ്രവർത്തകർ.

കൊച്ചി: യുഎഇ അജ്മാൻ കോടതിയിൽ നിന്നും ചെക്ക് കേസിൽ കുറ്റവിമുക്തനായി നാട്ടിലെത്തിയ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്ക് ഗംഭീര സ്വീകരണമൊരുക്കി പ്രവർത്തകർ.

കേസ് അജ്മാൻ കോടതി തള്ളിയതിനെ തുടർന്നു ദുബായ് വഴി രാവിലെയോടെയാണ് തുഷാർ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലും തുടർന്ന് ആലുവ പ്രിയദർശിനി മുനിസിപ്പൽ ടൗൺ ഹാളിലുമാണു സ്വീകരണം ഒരുക്കിയത്. തൃശ്ശൂർ സ്വദേശിയായ വ്യവസായി നാസിർ അബ്ദുല്ല ഹാജരാക്കിയ രേഖകൾ വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തിയതോടെയാണു തുഷാറിനെതിരായ ചെക്ക് കേസ് അജ്മാൻ കോടതി തള്ളിയത്.

ബിജെപി നേതാവ് പികെ കൃഷ്ണദാസ് നേരിട്ടെത്തിയാണു തുഷാറിനെ സ്വീകരിച്ചത്. ബിജെപിയുടെയും ബിഡിജെഎസിന്റെയും മുതിർന്ന നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രവർത്തകരുടെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു.

തുഷാർ കഴിഞ്ഞ മാസം 21ന് ആണ് ചെക്ക് കേസിൽ തുഷാർ അജ്മാനിൽ അറസ്റ്റിലായത്. പത്തുവർഷം മുമ്പ് അജ്മാനിൽ ബോയിങ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാർ ജോലികൾ ഏൽപിച്ച നാസിൽ അബ്ദുല്ലയ്ക്കു വണ്ടിച്ചെക്ക് നൽകി എന്നായിരുന്നു ആരോപണം. കേസിൽ രാഷ്ട്രീയം ഇല്ലെന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും സഹായിച്ചെന്നും തുഷാർ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി എംഎ യൂസഫലിക്കും തുഷാർ നന്ദി അറിയിച്ചിരുന്നു.

Exit mobile version