പേരാമ്പ്രയിലെ പതിനാലുകാരിയുടെ മരണം; ഷിഗെല്ല വൈറസ് ബാധ മൂലമെന്ന് സംശയം; കുട്ടിയുടെ ബന്ധുകള്‍ ചികിത്സയില്‍

കടുത്ത വയറിളക്കവും ഛര്‍ദ്ദിയുമായി സനുഷയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

വടകര: കോഴിക്കോട് പേരാമ്പ്രയില്‍ പതിനാലുകാരി ചികിത്സയിലിരിക്കെ മരിച്ചത് ഷിഗെല്ല വൈറസ് ബാധിച്ചതിനെ തുടര്‍ന്നാണെന്ന് സംശയം. കഴിഞ്ഞ ഞായറാചയാണ് പതിനാലുകാരിയായ സനുഷ മരിക്കുന്നത്. ഇപ്പോള്‍ കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചമുമ്പാണ് കടുത്ത വയറിളക്കവും ഛര്‍ദ്ദിയുമായി സനുഷയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സമുഷ മരിക്കുന്നത്.

പിന്നീട് രോഗം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരുന്നു. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് സനുഷയുടെ മുത്തച്ഛനും സഹോദരിക്കും സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സിപ്പിച്ചിരിക്കുന്നത്. രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ച് കേരളത്തിന് പുറത്തുള്ള ലാബിലേക്ക് അയച്ചിട്ടുണ്ടെങ്കിലും 74 മണിക്കൂര്‍ മുതല്‍ ഏഴ് ദിവസം വരെ എടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ അവസ്ഥ ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം നല്‍കി. പതിനാലുകാരിയുടെ വീട്ടിലെ കിണറ്റിലെ വെള്ളം കോഴിക്കോട് റീജിണല്‍ ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രദേശത്തെ മറ്റ് വീടുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. അതേസമയം രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഷിഗെല്ല വൈറസ് ബാധയാണോ എന്ന് ഉറപ്പിക്കാനാകുകയുള്ളുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version