സ്വകാര്യബസിൽ കുഴഞ്ഞുവീണ രോഗിയോട് ക്രൂരത; ജീവനക്കാർ ചികിത്സയ്ക്ക് എത്തിക്കാൻ തയ്യാറാകാതെ റോഡിലിറക്കിവിട്ടു; രോഗി മരിച്ചു

അഞ്ചുകിലോമീറ്റർ യാത്രയ്ക്കുശേഷമാണ് സേവ്യറിനെ ഇറക്കിവിട്ടത്.

മൂവാറ്റുപുഴ: നിർബന്ധിച്ച് സ്വകാര്യബസിൽ നിന്നും ഇറക്കിവിട്ട കുഴഞ്ഞുവീണ രോഗി മരിച്ചു. വണ്ണപ്പുറം – മൂവാറ്റുപുഴ റൂട്ടിൽ സ്വകാര്യബസിൽ നിന്ന് ഇറക്കിവിട്ട രോഗിയാണ് മരിച്ചത്. ഇന്നലെയാണ് സംഭവം. മൂവാറ്റുപുഴയ്ക്ക് യാത്ര ചെയ്തിരുന്ന വണ്ണപ്പുറം സ്വദേശി എഇ സേവ്യർ ആണ് മരിച്ചത്. അറുപത്തെട്ട് വയസ്സുണ്ട്. ബസിൽ കുഴഞ്ഞുവീണയുടൻ സേവ്യറെ ബസ് ജീവനക്കാർ ഉടൻ ചികിത്സയ്ക്ക് എത്തിക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം. അഞ്ചുകിലോമീറ്റർ യാത്രയ്ക്കുശേഷമാണ് സേവ്യറിനെ ഇറക്കിവിട്ടത്.

സേവ്യർ വാഹനത്തിൽ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റർ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാർ വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സേവ്യർ മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം.

സംഭവത്തെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ തന്നെ വൈദ്യസഹായം വേണമെന്ന് സേവ്യർ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. എന്നാൽ ബസ് ജീവനക്കാർ ചെവികൊണ്ടില്ല. ബസിൽ നിന്നും ഇറക്കിവിട്ട സേവ്യറെ പിന്നീട് ഓട്ടോ ഡ്രൈവർമാരാണ് ആശുപത്രിയിലാക്കിയതെന്നാണ് വിവരം.

അതേസമയം ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളെ നിർബന്ധിച്ച് വലിച്ചിറക്കി വിട്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ബസ് ഉടമ പ്രതികരിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന വിവരം അറിഞ്ഞപ്പോൾ തന്നെ അടുത്ത സ്റ്റോപ്പിലേക്ക് എത്തുകയും ഓട്ടോയിൽ കയറ്റിവിടുകയുമാണ് ചെയ്തതെന്നാണ് ബസ് ഉടമ പറയുന്നത്. തിരുവോണം ആയിരുന്നതിനാൽ ബസിൽ ജീവനക്കാർ കുറവായിരുന്നു, കൂടെ വിടാൻ പാകത്തിന് ആരും ബസിൽ ഉണ്ടായിരുന്നില്ലെന്നും ബസുടമ പ്രതികരിക്കുന്നു.

പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ് മരിച്ച സേവ്യർ. സംഭവത്തെ തുടർന്ന് റോഡ് ഉപരോധം അടക്കം വലിയ പ്രതിഷേധങ്ങളാണ് ഇവിടെ നടന്നത്.

Exit mobile version