അവര്‍ പറയുന്നത് കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറാകണം, മരടില്‍ പൊളിക്കുന്നത് ഓരോ ജീവിതങ്ങളാണ്; ജസ്റ്റിസ് കെമാല്‍ പാഷ

അനുച്ഛേദം 142 അനുസരിച്ച് സുപ്രീംകോടതിക്ക് സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ അവകാശമുണ്ട്.

കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതിയുടെ അന്തിമ വിധിയില്‍ പ്രതികരണവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. സാമാന്യ നീതിയുടെ തത്വങ്ങള്‍ അനുസരിച്ച് മരടിലെ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് പറയാനുള്ളതും സുപ്രീംകോടതി കേള്‍ക്കണമെന്ന് കെമാല്‍ പാഷ പറയുന്നു.

വിധി അനുസരിച്ച് കെട്ടിടമല്ല പൊളിച്ച് കളയുന്നത്. മറിച്ച് അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ സമരം നടത്തുന്ന മരട് ഫ്ളാറ്റ് ഉടമകളെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിധി ബാധിക്കുന്നവരെ കേള്‍ക്കാതെയുള്ള ഉത്തരവാണ് സുപ്രീംകോടതി പറഞ്ഞതെന്നും കെമാല്‍ പാഷ വിമര്‍ശിച്ചു. അനുച്ഛേദം 142 അനുസരിച്ച് സുപ്രീംകോടതിക്ക് സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ അവകാശമുണ്ട്. ഇതനുസരിച്ച് ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കുള്ള സംരക്ഷണം കൂടി നല്‍കികൊണ്ടുള്ള ഉത്തരവ് ഇറക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തിരുത്തല്‍ ഹര്‍ജിയിലൂടെ ഈ നീതി ഫ്ളാറ്റ് ഉടമകള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. വിധി നടപ്പില്‍ വരുത്തുന്നതില്‍ കുറച്ച് കാലതാമസം വരുത്തുകയല്ലാതെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും ഫ്ളാറ്റ് പൊളിച്ചാല്‍ തതുല്യമായ സംവിധാനം ഒരുക്കി കൊടുക്കാന്‍ സര്‍ക്കാരിനാകണമെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

Exit mobile version