മോട്ടോര്‍ വാഹന ഭേദഗതി പ്രകാരം വര്‍ധിപ്പിച്ച പിഴതുക ഉടന്‍ ഈടാക്കില്ല; കേന്ദ്രത്തിന്റെ നിര്‍ദേശം വരുന്നത് വരെ നടപ്പാക്കില്ല; എകെ ശശീന്ദ്രന്‍

മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴയിലും, മൊബൈല്‍ ഉപയോഗിക്കുന്നതിനുള്ള പിഴയിലും കുറവുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി പ്രകാരം കൂട്ടിയ പിഴതുക കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം വരുന്നതുവരെ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത് വരെ കാത്തിരിക്കും.ഭേദഗതിക്കനുസരിച്ച് ഗതാഗത സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കും. അടുത്ത തിങ്കളാഴ്ചയ്ക്കകം നിയമ ഭേദഗതി പ്രതീക്ഷിക്കുന്നുവെന്നും. അതുവരെ ബോധവത്കരണം തുടരുമെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴയിലും, മൊബൈല്‍ ഉപയോഗിക്കുന്നതിനുള്ള പിഴയിലും കുറവുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയും ഗോവയും ബീഹാറും പിഴ കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഗുജറാത്തിന് പിന്നാലെ ഉത്തരാഖണ്ഡും ഇന്നലെ പിഴ തുക കുറച്ചിരുന്നു. കര്‍ണ്ണാടകയും പിഴ കുറയ്ക്കും. ഇതോടെ, സംസ്ഥാനങ്ങള്‍ക്ക് എത്രത്തോളം ഇളവ് നല്‍കാനാവും എന്നതില്‍ കേന്ദ്രം നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടി.

Exit mobile version