സനിൽ കുമാറില്ലാതെ കുടുംബത്തിന് ആദ്യ ഓണം; ആശ്വാസം തലചായ്ക്കാൻ ഒരുങ്ങിയ പുത്തൻവീട്

ലാവണ്യയ്ക്കും 3 പെൺമക്കൾക്കും-സേതു, ദേവിക, ഗീതു ഓണസമ്മാനമായാണ് ഈ വീട് കിട്ടിയിരിക്കുന്നത്.

പെരിങ്ങര: കർഷകനായ സനിൽ കുമാറിനെ കുടുംബത്തിന് നഷ്ടമാക്കിയത് കീടനാശിനിയുടെ ഉപയോഗമായിരുന്നു. ആലംതുരുത്തി കഴുപ്പിൽ കോളനിയിലെ വീട്ടിൽ മക്കൾക്കും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കാൻ ഇത്തവണ സനിൽകുമാറില്ല. പക്ഷേ 17 വർഷം സനിലും കുടുംബവും കഴിഞ്ഞുകൂടിയ പ്രാരാബ്ദം മാത്രം കൂട്ടായി ഉണ്ടായിരുന്ന ആ നാലര സെന്റിലെ കൂരയിന്ന് അടച്ചുറപ്പുള്ള കോൺക്രീറ്റ് വീടായി മാറിയിരിക്കുന്നു. സനിലിന്റെ ഭാര്യ ലാവണ്യയ്ക്കും 3 പെൺമക്കൾക്കും-സേതു, ദേവിക, ഗീതു- ഓണസമ്മാനമായാണ് ഈ വീട് കിട്ടിയിരിക്കുന്നത്.

കൃഷിപ്പണിയും മീൻകച്ചവടവുമായി കുടുംബം പുലർത്തിയിരുന്ന സനിൽകുമാർ നെല്ലിനു കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം വന്നു മരിച്ചത് ഏഴര മാസം മുൻപാണ്. വിദ്യാർത്ഥികളായ 3 പെൺമക്കളും ജോലിയൊന്നുമില്ലാത്ത അമ്മയും ഇതോടെ വരുമാനങ്ങളൊന്നുമില്ലാതെ ഒറ്റയ്ക്കായി. കുടുംബത്തിന് രമേശ് ചെന്നിത്തലയാണ് ഗാന്ധിഗ്രാം പദ്ധതിയിലൂടെ താങ്ങായി എത്തിയത്.

സനിലിന്റെ മരണം അറിഞ്ഞ് വീട്ടിലെത്തിയപ്പോൾ ദുരിതം നേരിട്ട് അറിഞ്ഞ് വീട് നിർമ്മിച്ചു നൽകാമെന്നു പ്രതിപക്ഷനേതാവ് പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റോജി കാട്ടാശേരിയുടെ നേതൃത്വത്തിൽ 6 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി. പട്ടികജാതി വികസന വകുപ്പിൽ നിന്നു 2 ലക്ഷം രൂപ ലഭിച്ചിരുന്നു. ലാവണ്യയ്ക്കു ജോലി നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ലാവണ്യയ്ക്ക് ആശാ വർക്കറെന്ന നിലയിൽ കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന് ആശ്രയം. സേതു പ്ലസ്ടു കഴിഞ്ഞു. ദേവിക 9ലും ഗീതു 5ലും പഠിക്കുന്നു. വീടിന്റെ താക്കോൽദാനം 15ന് 4ന് രമേശ് ചെന്നിത്തല നിർവഹിക്കും.

Exit mobile version