ഉടമ അറിയാതെ പണം പിന്‍വലിച്ചു; എസ്ബിഐ 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കാസര്‍ഗോഡ്: അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ചതിന് എസ്ബിഐ
13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. എസ്ബിഐ തായലങ്ങാടി ബ്രാഞ്ച് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് കെ കൃഷണന്‍ ഉത്തരവിട്ടു.

മുളിയാറിലെ അബ്ദുള്‍റഹ്മാന്‍ ആലൂര്‍ അഡ്വ.സാജിത് കമ്മാടം മുഖേന ഫയല്‍ ചെയ്ത കേസിലാണ് വിധി. ഇയാളുടെ അക്കൗണ്ടില്‍ നിന്ന് സമ്മതമില്ലാതെ ബാങ്കധികൃതര്‍ 2015 ജൂണ്‍ 30ന്, 3,480 രൂപ പിന്‍വലിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

ഇതുസംബന്ധിച്ച് ബാങ്ക് അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പരിഹാരമില്ലാത്തതിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോകതര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചത്.

പരാതിക്കാരനെ മാനസികമായി പീഡിപ്പിച്ചതിന് 10,000 രൂപയും കോടതി ചെലവിനത്തില്‍ 3,000 രൂപയുമടക്കം 13,000 രൂപ ഒരുമാസത്തിനകം ബാങ്ക് മാനേജര്‍ നല്‍കണമെന്ന് തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു.

Exit mobile version