ഓണാഘോഷത്തിന് സിനിമാ സ്‌റ്റൈലില്‍ ജീപ്പില്‍ ആര്‍പ്പുവിളിച്ച് എത്തി, വേഗതയും വളവും ചതിച്ചു; കൂട്ടത്തോടെ താഴേയ്ക്ക് വീണു, നിരവധിപേര്‍ക്ക് പരിക്ക്

തലനാരിഴയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ വലിയ അപകടത്തില്‍ നിന്ന് കരകയറിയത്.

കൊച്ചി: വ്യത്യസ്തതകള്‍ തേടി പോവുന്നവരാണ് പുതു തലമുറ. ഇപ്പോള്‍ ഓണാഘോഷത്തിന് വ്യത്യസ്തത തേടി ഒടുവില്‍ അപകടം വരുത്തിവെച്ച ഒന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ജീപ്പില്‍ സിനിമാ സ്റ്റൈലില്‍ വന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ താഴേയ്ക്ക് വീഴുകയായിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്തെ ഒരു സ്വകാര്യ കോളേജിലാണ് സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ആര്‍പ്പുവിളിച്ച് ജീപ്പില്‍ കൂട്ടമായി ഇരുന്നെത്തി. സിനിമാ സ്‌റ്റൈലില്‍ കോളേജ് കവാടം കടന്ന് വണ്ടി അമിതവേഗത്തില്‍ വളച്ചതോടെ ഒരു വശത്തിരുന്ന വിദ്യാര്‍ത്ഥികള്‍ ജീപ്പില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.

ജീപ്പുകളിലും കാറുകളിലും ബൈക്കുകളിലുമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ ഓണാഘോഷ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് ആട്ടവും പാട്ടുമായി ന്യൂജെന്‍ സ്‌റ്റൈലില്‍ ഓണം കളറാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആ അപകടം എല്ലാം തെറ്റിച്ചു. റാലിയ്‌ക്കെത്തിയ ഒരു ജീപ്പില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ താഴെ വീണത്. ഇതിന് തൊട്ടുമുന്നില്‍ മറ്റൊരു ജീപ്പുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ വീണ സമയത്ത് തന്നെ ആ ജീപ്പ് പുറകിലേക്ക് എടുത്തു. തലനാരിഴയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ വലിയ അപകടത്തില്‍ നിന്ന് കരകയറിയത്.

Exit mobile version