ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; സമവായ ചര്‍ച്ച ഇന്ന് കോട്ടയത്ത്

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരാണ് ജോസഫ് വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്.

കോട്ടയം: കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ഇടപെടുന്നു. ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ജോസഫുമായി സമവായ ചര്‍ച്ച നടത്തും.

പാലായില്‍ ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ജോസഫ് വിഭാഗം ഇടഞ്ഞുനില്‍ക്കുന്നതും യുഡിഎഫ് പ്രചാരണത്തില്‍ പങ്കെടുക്കാതെ സമാന്തരമായി പ്രചരണത്തിന് ഇറങ്ങുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയതും പാലാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് യുഡിഎഫ് ഭയക്കുന്നുണ്ട്. ഇതാണ് അനുനയ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്.

കോട്ടയത്ത് വച്ചാണ് അനുനയ ചര്‍ച്ചകള്‍ നടത്തുന്നത്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരാണ് ജോസഫ് വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്.

ചര്‍ച്ചയില്‍ ജോസ് കെ മാണി വിഭാഗത്തെ പങ്കെടുപ്പിക്കരുതെന്ന് ജോസഫ് വിഭാഗം നിര്‍ദേശം മുന്നോട്ടുവെച്ചതായാണ് സൂചന. ആദ്യം തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. മറ്റ് കാര്യങ്ങള്‍ പിന്നീട് എന്ന നിലപാടിലാണ് ജോസഫ് വിഭാഗം.

Exit mobile version