കേരളം തുടര്‍ച്ചയായ അവധിയില്‍; ബാങ്കുകള്‍ തിങ്കളും വ്യാഴവും തുറക്കും

തിങ്കളാഴ്ച മുഹറമാണെങ്കിലും ബാങ്കവധിയില്ല

തിരുവനന്തപുരം: ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുടര്‍ച്ചയായ അവധിയില്‍. തുടര്‍ച്ചയായുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി 16-നേ തുറക്കുകയുള്ളൂ. എന്നാല്‍ ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മുഹറമാണെങ്കിലും ബാങ്കവധിയില്ല. മൂന്നാംഓണമായ വ്യാഴാഴ്ചയും ബാങ്ക് തുറന്നുപ്രര്‍ത്തിക്കും.

ഓണവും മുഹറവും രണ്ടാംശനിയും ഞായറും ഒക്കെച്ചേര്‍ന്നാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി അവധി ലഭിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെതന്നെ സെക്രട്ടേറിയറ്റ് അടക്കം മിക്ക സര്‍ക്കാര്‍ ഓഫീസുകളും ഒഴിഞ്ഞു തുടങ്ങി. അടുത്ത ഞായറാഴ്ചവരെ തുടര്‍ച്ചയായി എട്ടുദിവസമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി.

ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തിദിനമായ ചതയം എന്നീ ദിവസങ്ങളിലും രണ്ടാംശനിയായ 14-നും, 15 ഞായറും ബാങ്കുകള്‍ക്ക് അവധിയാണ്. തിങ്കളും വ്യാഴവും മാത്രം ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതാനാല്‍ ഈ ദിവസങ്ങളില്‍ ഇടപാടുകാരുടെ തിരക്കുകൂടും. അവധി തുടങ്ങിയതോടെ എടിഎമ്മുകളില്‍ പണക്ഷാമമുണ്ട്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് എസ്ബിഐ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version