മരടിലെ ഫ്‌ലാറ്റുകളിലെ താമസക്കാരെ ഉടന്‍ പുനരധിവസിപ്പിക്കാന്‍ നിര്‍ദേശം; ഫ്‌ലാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ നടപടി തുടങ്ങി

കൊച്ചി: സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഫ്‌ലാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍, ജില്ലാ കളക്ടര്‍ക്കും മരട് നഗരസഭയ്ക്കും കത്ത് നല്‍കി. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം, മരടിലെ ഫ്‌ലാറ്റുകള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്ക് പൊളിക്കാന്‍ കഴിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍ ടിഎച്ച് നാദിറ അറിയിച്ചു. തുടര്‍നടപടികള്‍ കലക്ടറുമായി കുടിയാലോചിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വിഷയം ചര്‍ച്ചചെയ്യാന്‍ കൗണ്‍സില്‍ ഉടന്‍ ചേരും.

തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിര്‍മ്മിച്ച നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്‌ലാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിങ്ങനെ അഞ്ചു ഫ്‌ലാറ്റ് സമുച്ചയങ്ങളാണു പൊളിക്കേണ്ടത്. അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം 20നകം പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി സര്‍ക്കാരിന് നല്‍കിയ അന്ത്യശാസനം. അഞ്ച് കെട്ടിടങ്ങളിലായി 500 ലേറെ ഫ്‌ലാറ്റുകളുണ്ട്. ഇതില്‍ 350 ഫ്‌ലാറ്റുകളിലാണ് താമസക്കാരുള്ളത്.

23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. 20നകം ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫ്‌ലാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തുനല്‍കിയത്.

Exit mobile version