ജോസഫ്-ജോസ് പോരില്‍ ഇടപെട്ട് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കരുതെന്ന് ഇരുവര്‍ക്കും മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സമവായനീക്കത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പിജെ ജോസഫ് വിഭാഗം വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നത്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സമവായനീക്കത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്. പിജെ ജോസഫുമായും ജോസ് കെ മാണിയുമായുമായി ഫോണില്‍ സംസാരിച്ച മുല്ലപ്പള്ളി, തെരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കരുതെന്ന് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പാലായില്‍ മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ അടിയന്തരമായി കോണ്‍ഗ്രസ് യോഗം ചേര്‍ന്നു. ഇന്നു തന്നെ ജോസഫ് പക്ഷത്തെയും ജോസ് പക്ഷത്തെയും നേതാക്കളുമായി മുല്ലപ്പള്ളി ചര്‍ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ജോസ് കെ മാണി വിഭാഗം യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെ അപമാനിച്ച സാഹചര്യത്തിലാണ് യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കിയത്.

തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. പാലായിലെ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാന്‍ പിജെ ജോസഫ് അനുമതി നല്‍കിയതനുസരിച്ചാണ് തീരുമാനമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ് വിഭാഗം നേതാക്കള്‍ക്കെതിരെ ജോസഫ് വിഭാഗം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പാലായില്‍ പ്രചാരണത്തിനെത്തരുതെന്ന് പിജെ ജോസഫിനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സമാന്തരമായി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

പാലായില്‍ ഒരുമിച്ച് പ്രചാരണം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രത്യേകമായി പ്രചാരണം നടത്തുമെന്നും പിജെ ജോസഫും പ്രതികരിച്ചു. പ്രതിഛായയിലെ ലേഖനവും യോഗങ്ങളിലെ കൂവലും കാരണമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് പിജെ ജോസഫ് പറഞ്ഞിരുന്നു.

Exit mobile version