തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ല; ജോസ് ടോമിന്റെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം; സമാന്തരമായി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും സൂചന

പാലായിലെ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാന്‍ പിജെ ജോസഫ് അനുമതി നല്‍കിയതനുസരിച്ചാണ് തീരുമാനമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കി പിജെ ജോസഫ് വിഭാഗം. ജോസ് കെ മാണി വിഭാഗം യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെ അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അറിയിച്ചു.

തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. പാലായിലെ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാന്‍ പിജെ ജോസഫ് അനുമതി നല്‍കിയതനുസരിച്ചാണ് തീരുമാനമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ് വിഭാഗം നേതാക്കള്‍ക്കെതിരെ ജോസഫ് വിഭാഗം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പാലായില്‍ പ്രചാരണത്തിനെത്തരുതെന്ന് പിജെ ജോസഫിനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സമാന്തരമായി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

പാലായില്‍ ഒരുമിച്ച് പ്രചാരണം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രത്യേകമായി പ്രചാരണം നടത്തുമെന്നും പിജെ ജോസഫും പ്രതികരിച്ചു. പ്രതിഛായയിലെ ലേഖനവും യോഗങ്ങളിലെ കൂവലും കാരണമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് പിജെ ജോസഫ് പറഞ്ഞു.

Exit mobile version