പ്രിയ മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകര്‍; സര്‍പ്രൈസ് വിരുന്നൊരുക്കി രമേഷ് പിഷാരടി

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 68ാം പിറന്നാള്‍. സിനിമാ ലോകവും ആരാധകരും പ്രിയ മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഇതിനിടെ മമ്മൂട്ടി ആരാധകര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി നടന്‍ രമേഷ് പിഷാരിടിയും ജന്മദിനാഘോഷത്തില്‍ പങ്കാളിയായി. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിന് പിന്നാലെ മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ പുതിയ സിനിമയായ ഗാനഗന്ധര്‍വ്വന്റെ ട്രെയിലര്‍ പുറത്തിറക്കി.

പിറന്നാള്‍ ആശംസകള്‍ നേരാനായി മമ്മൂട്ടിയുടെ വീടിന്റെ ഗേറ്റിനരികിലും റോഡിലുമൊക്കെയായി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. എങ്ങും ഇക്ക വിളികള്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. താരത്തിന്റെ വീട്ടുമുറ്റത്തു നിന്നും രമേഷ് പിഷാരിടിയാണ് ഫേസ്ബുക്ക് ലൈവിലെത്തി ഇൗ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

വീട്ടിനകത്തുനിന്നും ഇക്ക പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണ് താനെന്ന് പിഷാരടി പറഞ്ഞു. വീട്ടിനകത്തെ ആഘോഷങ്ങളിലാണ് ഇക്കയെന്നും ഇപ്പോള്‍ത്തന്നെ പുറത്തുവരുമെന്നും പിഷാരടി പറയുന്നുണ്ട്. മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തേക്ക് വന്ന മമ്മൂട്ടി ഫേസ്ബുക്ക് ലൈവില്‍ ജോയിന്‍ ചെയ്തു.

പിറന്നാളാശംസ അറിയിച്ചതിന് പിന്നാലെ ഗാനഗന്ധര്‍വ്വന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവരുന്ന സര്‍പ്രൈസുകളെക്കുറിച്ചും പുതിയ പ്രഖ്യാപനങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ച നേരത്തെ തന്നെ തുടങ്ങിയിരുന്നു. അതിനിടയിലാണ് രമേഷ് പിഷാരടിയും ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസുമായി എത്തിയത്.

മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന ഗാനഗന്ധര്വന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സിനിമയുടെ ടീസറെത്തിയത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ട്രെയിലര്‍ പുറത്തുവിടുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

Exit mobile version