കഥകളി ആചാര്യന്‍ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ അന്തരിച്ചു

മലപ്പുറം: കഥകളി ആചാര്യനും പിഎസ്‌വി നാട്യസംഘം മേധാവിയുമായിരുന്ന കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

പിഎസ്വി നാട്യസംഘത്തിലൂടെ കഥകളി അഭ്യസിച്ചായിരുന്നു തുടക്കം. പട്ടാമ്പി നടുവട്ടം സ്വദേശിയാണ്. കോട്ടയ്ക്കല്‍ ചന്ദ്രകാന്തത്തിലാണ് താമസം. കഥകളി വേഷത്തിന് 2017ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വാനപ്രസ്ഥം സിനിമയില്‍ മോഹന്‍ലാലിനെ കഥകളി അഭ്യസിപ്പിച്ചത് ഇദ്ദേഹമായിരുന്നു.

സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കോട്ടയ്ക്കല്‍ നായാടിപ്പാറ ശ്മശാനത്തില്‍ നടക്കും. സുശീലാ ദേവിയാണ് ഭാര്യ. മക്കള്‍: ഡോ. ജ്യോത്സ്ന, ജിതേഷ്.

കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കോട്ടയ്ക്കല്‍ നാട്യകലാ സംഘത്തിലെ പ്രധാന അധ്യാപകനായിരുന്ന അദ്ദേഹത്തിന് കഥാപാത്രത്തെ കൃത്യമായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കാനുള്ള നൈപുണ്യമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് സ്വീകാര്യമായ രീതിയില്‍ ആവശ്യമായ ലളിതവല്‍ക്കരണത്തോടെ കഥകളിയെ ആസ്വാദ്യമാക്കാന്‍ പ്രത്യേക പാടവം കാണിച്ച കലാകാരനായിരുന്നു കോട്ടയ്ക്കല്‍ ചന്ദ്രശേഖരനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Exit mobile version