ഏത്തക്കായ വിലയില്‍ വര്‍ധനവ്; കിലോയ്ക്ക് വില 60രൂപ വരെ; വിലക്കുറവ് വയനാടന്‍ ഏത്തക്കായയ്ക്ക്

ഓണം അടുക്കുന്നതോടെ ഏത്തക്കായയുടെ വില വീണ്ടും ഉയരാനാണ് സാധ്യത

കൊച്ചി: ഏത്തക്കായ വില കുത്തനെ കൂടി. 20-25 രൂപയായിരുന്നു ഒരു മാസം മുമ്പ് ഏത്തക്കായയുടെ വില. എന്നാല്‍ നിലവില്‍ 48 രൂപയ്ക്കാണ് മൊത്ത വില്‍പ്പനക്കാര്‍ ഏത്തക്കായ വില്‍ക്കുന്നത്. ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ ഇതിന് 50-60 രൂപ വരെയാണ് വാങ്ങുന്നത്. ഓണം അടുക്കുന്നതോടെ ഏത്തക്കായയുടെ വില വീണ്ടും ഉയരാനാണ് സാധ്യത.

ഓണക്കാലത്ത് സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഉപ്പേരി, ശര്‍ക്കരവരട്ടി, അവിയല്‍, കൂട്ടുകറി തുടങ്ങിയ വിഭവങ്ങള്‍ക്ക് ഏത്തക്കായ ഏറ്റവുമധികം വേണ്ടിവരുന്നു. ഇതാണ് വിലയുയരാന്‍ വഴിവെച്ചതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ചിപ്‌സ് കടക്കാര്‍ പ്രതിദിനം ഒരു ടണ്‍ മുതല്‍ നാലു ടണ്‍ വരെ കായ കൊണ്ടുപോകാറുണ്ടെന്ന് എറണാകുളത്തെ ഒരു കച്ചവടക്കാരന്‍ പറയുന്നു.

നിലവില്‍ വയനാടന്‍ ഏത്തക്കായയ്ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. തിങ്കളാഴ്ച വയനാടന്‍ ഏത്തക്കായയ്ക്ക് മൊത്തവില 40-42 രൂപയും പഴത്തിന് 50-55 രൂപയുമായിരുന്നു. മേട്ടുപ്പാളയം പഴത്തിന് 60 രൂപയാണ്. ഞാലിപ്പൂവന്‍ പഴത്തിന് 76 മുതല്‍ 80 രൂപ വരെയാണ് വില. ഞാലിപ്പൂവന്‍ പച്ചക്കായയ്ക്ക് 72 രൂപ വിലയുണ്ട്. പൂവന്‍പഴത്തിന് 60 രൂപയും പാളയംകോടന് 45 രൂപയുമാണ് തിങ്കളാഴ്ച മൊത്ത വിപണിയിലെ വില.

Exit mobile version