വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചപ്പാത്തിയും നല്‍കിയ സംഭവം; വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു

കുട്ടികള്‍ സ്‌കൂള്‍ വരാന്തയില്‍ ഇരുന്ന് പാത്രത്തില്‍ നിന്ന് ഉപ്പ് കൂട്ടി ചപ്പാത്തി കഴിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്

ലഖ്‌നൗ: വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചപ്പാത്തിയും നല്‍കിയെന്ന വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് യുപി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി ഉപ്പും ചപ്പാത്തിയും ഉപ്പും നല്‍കുന്ന വീഡിയോ കഴിഞ്ഞ മാസമാണ് മാധ്യമപ്രവര്‍ത്തകനായ പവന്‍ ജയ്‌സ്വാളി പുറത്തുവിട്ടത്.

സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ പരാതി നല്‍കി. കുട്ടികള്‍ സ്‌കൂള്‍ വരാന്തയില്‍ ഇരുന്ന് പാത്രത്തില്‍ നിന്ന് ഉപ്പ് കൂട്ടി ചപ്പാത്തി കഴിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പുകള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, പാല്‍, പഴങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് നല്കണമെന്ന് നിഷ്‌കര്ഷിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് മിക്ക ദിവസങ്ങളിലും ചപ്പാത്തിയോ ചോറോ ഉപ്പ് കൂട്ടി മാത്രമേ നല്കാറുള്ളുവെന്ന രക്ഷിതാക്കളുടെ പരാതിയും ദൃശ്യങ്ങളും വിവാദങ്ങള്‍ക്കിടയായി.

വളരെ അപൂര്‍വ്വമായി പാല് വിതരണത്തിനെത്തിയാലും കുട്ടികള്‍ക്ക് ലഭിക്കാറില്ലെന്നും പഴങ്ങള്‍ നല്‍കുന്ന പതിവില്ലെന്നും രക്ഷിതാക്കള്‍ പറയുന്നുണ്ട്. വാര്‍ത്ത വലിയ രീതിയില്‍ പ്രചരിച്ചതോടെസ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെയും സസ്‌പെന്ഡ് ചെയ്തിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. വീഡിയോ സര്‍ക്കാരിനെ മോശമായി ബാധിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നത്. അതേ സമയം ചപ്പാത്തി മത്രമാണ് അന്നേ ദിവസം സ്‌കൂളില്‍ പാകം ചെയ്തിട്ടുള്ളതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

Exit mobile version