ശബരിമലയില്‍ പോലീസിന്റെ കനത്ത സുരക്ഷാ വിന്യാസം; പ്രത്യേക സംഘം സന്നിധാത്ത് എത്തും

ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പോലീസിന്റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു.

തിരുവനന്തപുരം: മണ്ഡലക്കാലത്തിനായി ശബരിമല നട തുറക്കുമ്പോള്‍ കനത്ത പോലീസ് സുരക്ഷ ഒരുക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പോലീസിന്റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ഉണ്ടാകാതിരിക്കുവാനുള്ള നടപടികളാണ് പോലീസ് മണ്ഡലകാലത്ത് കൈക്കൊള്ളുക.

വിശദമായി പോലീസ് പദ്ധതിയാണ് ശബരിമല മണ്ഡലകാലത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. നാലു ഘട്ടങ്ങളായിട്ടായിരിക്കും പോലീസ് വിന്യാസം. ആദ്യ മൂന്നു ഘട്ടങ്ങളില്‍ 4500 വീതം പോലീസുകാരെ ശബരിമലയില്‍ നിലനിര്‍ത്തും. കൂടാതെ മകരവിളക്കിന് 5000 പോലീസുകാരെ എത്തിക്കും. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 200 വനിതാ പോലീസുകാരെ നിയോഗിക്കും.

പോലീസ് വിന്യാസത്തില്‍ വനിത ബറ്റാലിയനെയും ഉള്‍പ്പെടുത്തി. 1500 വനിത പോലീസുകാരെ മണ്ഡല, മകര വിളക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും. സന്നിധാനത്ത് വനിതാ ഉദ്യോസ്ഥരുടെ വിന്യാസം സന്ദര്‍ഭം പരിശോധിച്ച ശേഷമായിരിക്കും.

പമ്പയിലും സന്നിധാനത്തും സുരക്ഷ ചുമതല ഐജിമാര്‍ക്കാണ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ രണ്ട് എസ്പിമാര്‍ വീതമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്പിമാരെ നിയോഗിക്കുക. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പമ്പയിലേക്കുള്ള പ്രവേശനം നാളെ രാത്രി എട്ട് മണിക്ക് ശേഷം മാത്രമാണ്.

Exit mobile version