‘പന്നികളോട് ഒരിക്കലും ഗുസ്തി പിടിക്കരുത്’; കേരളത്തിലെ നേതാക്കളുടെ വായടപ്പിച്ച് തരൂരിന്റെ മറുപടി; മോഡി സ്തുതിയിൽ വിവാദം കെട്ടടങ്ങുന്നില്ല

വിമർശിച്ചവരുടെ വായടപ്പിച്ചാണ് ശശി തരൂർ ഇത്തവണ സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്തിയ സംഭവത്തിൽ വിവാദം കത്തുന്നതിനിടെ വീണ്ടും വിഷയത്തിൽ പരോക്ഷമായ പ്രതികരണവുമായി തിരുവനന്തപുരം എംപി ശശി തരൂർ. തന്നെ വിമർശിച്ചവരുടെ വായടപ്പിച്ചാണ് ശശി തരൂർ ഇത്തവണ സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

പ്രശസ്ത സാഹിത്യകാരൻ ബർണാഡ് ഷായുടെ വാക്കുകൾ കടമെടുത്താണ് വിമർശകർക്കുള്ള മറുപടി. ‘പന്നികളോട് ഒരിക്കലും ഗുസ്തി പിടിക്കാൻ നിൽക്കരുത് എന്ന് ഞാൻ പണ്ടേ പഠിച്ചിട്ടുണ്ട്, നമ്മുടെ ശരീരത്തിൽ ചെളിപറ്റും, കൂടാതെ പന്നി അത് ഇഷ്ടപ്പെടുകയും ചെയ്യും’ എന്ന വാക്കുകളാണ് തരൂർ ഉപയോഗിച്ചിരിക്കുന്നത്.

നേരത്തെ മോഡി സ്തുതി അവസാനിപ്പിക്കണമെന്നും വിവാദം ഒഴിവാക്കണമെന്നും കെപിസിസി നിർദേശം മുന്നോട്ട് വെച്ചിരുന്നു. ശശി തരൂർ എംപിയും കെ മുരളീധരൻ എംപിയും വിഷയത്തിൽ പരസ്പരം വ്യക്തിഹത്യ നടത്തുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയതോടെയാണ് കെപിസിസിയും രംഗത്തെത്തിയത്. എന്നാൽ ഈ നിർദേശം മറികടന്ന് കെ മുരളീധരൻ തരൂരിനെ പരോക്ഷമായി വിമർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോൺഗ്രസ് വിജയത്തിനു കാരണം. ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് അറിയാത്ത ചാൾസ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നും ഒക്കെയായിരുന്നു മുരളീധരന്റെ പരിഹാസം.

മോഡി സ്തുതിയെ എതിർക്കുന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നു. ശശി തരൂരിന്റെ വിശദീകരണം കണ്ടിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്ത് പോയപ്പോഴും താൻ ബിജെപി സഹായം തേടിയിട്ടില്ല. 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങിനെ ഒരു ബിജെപിക്കാരനും പുകഴ്ത്തി കണ്ടിട്ടില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിവാദത്തിൽ തരൂരിന്റെ പരോക്ഷ മറുപടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Exit mobile version