കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലായി

മംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട കൊങ്കണ്‍ റെയില്‍പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലായി. അപകടമുണ്ടായ ഭാഗത്ത് നിര്‍മിച്ച പുതിയ ട്രാക്കിലൂടെ മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് കടത്തിവിട്ടു.

ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മംഗളൂരുവിനു സമീപമുള്ള പടീല്‍-കുലശേഖര സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ക്ക് വേഗതയ്ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതത്തിനു നിരോധനമേര്‍പ്പെടുത്തിയത്. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് മണല്‍ചാക്കുകള്‍ നിരത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തിയാണ് പാത ഗതാഗതയോഗ്യമാക്കിയത്.

മണ്ണിനടിയിലായിപ്പോയ പഴയ ട്രാക്ക് വീണ്ടെടുക്കാനും ശ്രമം ഊര്‍ജ്ജിതമാണ്. കൊങ്കണ്‍ പാത അടച്ചതിനെ തുടര്‍ന്ന് മലബാറില്‍ രൂക്ഷമായ യാത്രാക്ലേശമാണ് അനുഭവപ്പെട്ടിരുന്നത്.

Exit mobile version