പാലാ ഉപതെരഞ്ഞെടുപ്പ്; ‘പ്രചരണത്തിന്‌ ശബരിമല ഉപയോഗിക്കരുത്’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

പാലായില്‍ രണ്ട് പ്രശ്‌നബാധിത ബൂത്തുകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കാന്‍ പാടില്ലെന്നും മതവികാരം വഷളാക്കി ദൈവത്തിന്റെ പേരില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ആകെ 177864 വോട്ടര്‍മാരാണുള്ളത്. 176 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്നവയായിരിക്കും. ഓഗസ്റ്റ് 25 വരെ അപേക്ഷ നല്‍കിയവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു. പാലായില്‍ രണ്ട് പ്രശ്‌നബാധിത ബൂത്തുകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തിനും ഒറീസക്കും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നാണ് പുരസ്‌കാരം തീരുമാനിച്ചത്. രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ റഷ്യ സന്ദര്‍ശിക്കുമെന്നും ടീക്കാറാം മീണ അറിയിച്ചു.

Exit mobile version