യാത്രക്കാര്‍ കുറഞ്ഞ ശതാബ്ദി,തേജസ് ട്രെയിനുകളില്‍ 25ശതമാനം വരെ ഇളവ്

കഴിഞ്ഞവര്‍ഷം യാത്രക്കാര്‍ കുറഞ്ഞ ട്രെയിനുകളിലായിരിക്കും പുതിയ ആനുകൂല്യം ലഭിക്കുക

ന്യൂഡല്‍ഹി: ശതാബ്ദി, തേജസ്, ഗതിമാന്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം വരെ ഇളവ് നല്‍കാന്‍ ഒരുങ്ങി റെയില്‍വേ. റോഡ്-വ്യോമ ഗതാഗത മേഖലകളിലെ സേവനദാതാക്കളുമായുള്ള മത്സരം ശക്തമായതോടെയാണ് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍ ഒരുങ്ങുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ശതാബ്ദി, തേജസ്, ഗതിമാന്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് 25 ശതമാനം വരെ ഇളവ് നല്കാന്‍ ആലോചിക്കുന്നതെന്ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എസി ചെയര്‍കാറിന്റെയും എക്‌സിക്യൂട്ടിവ് ചെയര്‍കാറിന്റെയും അടിസ്ഥാനനിരക്കിലായിരിക്കും ഇളവ് നല്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞവര്‍ഷം യാത്രക്കാര്‍ കുറഞ്ഞ ട്രെയിനുകളിലായിരിക്കും പുതിയ ആനുകൂല്യം ലഭിക്കുക. അതേസമയം, ജിഎസ്ടി, റിസര്‍വേഷന്‍ നിരക്ക്, സൂപ്പര്‍ഫാസ്റ്റ് നിരക്ക് തുടങ്ങിയവ പ്രത്യേകം ഈടാക്കുകയും ചെയ്യും.

Exit mobile version