പ്രളയബാധിതർ ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടുമ്പോൾ എന്തിന് ഈ സ്വർണ്ണവളകൾ; മന്ത്രിക്ക് വളകൾ ഊരി നൽകി വീട്ടമ്മ ചന്ദ്രിക

എന്തുതന്നെയായാലും വീട്ടിലെത്തി ഏറ്റുവാങ്ങാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

വടക്കാഞ്ചേരി: ”സഹജീവികൾ ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടുമ്പോൾ എനിക്ക് എന്തിനാ ഈ സ്വർണ്ണവളകൾ”- ആ വീട്ടമ്മ മന്ത്രി എസി മൊയ്തീന് തന്റെ സ്വർണ്ണവളകൾ ഊരി നൽകുമ്പോൾ പറയുന്നതിങ്ങനെ. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ എന്റെ കൈയ്യിൽ ഇതേയുള്ളൂവെന്ന് വീട്ടമ്മ അറിയിച്ചതോടെ എന്തുതന്നെയായാലും വീട്ടിലെത്തി ഏറ്റുവാങ്ങാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

സിപിഎമ്മിന്റെ ആദ്യകാല നേതാവ് മങ്കര നമ്പ്രത്ത് എൻവി ശ്രീധരന്റെ (മണിക്കുട്ടി) ഭാര്യ ചന്ദ്രിക(64)യാണ് തന്റെ അമൂല്യ സമ്പാദ്യമായ മൂന്നുപവന്റെ നാലു സ്വർണ്ണവളകളുമായി കാത്തുനിന്ന് തിങ്കളാഴ്ച രാവിലെ മങ്കരയിലെ വീട്ടിലെത്തിയ മന്ത്രിക്ക് വളകൾ ഊരി നൽകിയത്.

മഴക്കെടുതിയിൽ ദുരിതത്തിലായ കുടുംബങ്ങളുടെ കഥ കേട്ടറിഞ്ഞ് മനം നൊന്താണ് ചന്ദ്രിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളകൾ സംഭാവന നൽകാൻ തീരുമാനിച്ചത്. ഭർത്താവ് ശ്രീധരൻ സന്തോഷത്തോടെ ഒപ്പം നിന്നപ്പോൾ അത് യാഥാർത്ഥ്യമായി. കഴിഞ്ഞ പ്രളയസമയത്ത് 14,000 രൂപ ഇവർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗമായും തെക്കുംകര എൽസി സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച ശ്രീധരൻ, സിഐടിയു നേതാവാണ്.

Exit mobile version