ശബരിമല വിഷയം; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് തന്ത്രിയും, പന്തള കൊട്ടാരവും

സര്‍വ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും തന്ത്രിയും പന്തളം കുടുംബങ്ങളുമായുള്ള ചര്‍ച്ചയും നാളെ നടക്കും. നാളെ പതിനൊന്ന് മണിക്ക് നടക്കുന്ന സര്‍വ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പന്തളം കുടുംബവും തന്ത്രി കുടുംബവും തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്.

പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് ഒരുങ്ങുന്നത്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പഴി ഒഴിവാക്കുകയാണ് സര്‍വ്വകക്ഷിയോഗവും തന്ത്രി-പന്തളം കുടുംബങ്ങളുമായുള്ള ചര്‍ച്ചയും നടത്തുന്നതിന്റെ ലക്ഷ്യം. വിഷയത്തില്‍ എന്‍എസ്എസിനെ ചര്‍ച്ചക്ക് എത്തിക്കാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന.

അതെസമയം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Exit mobile version