മലമ്പുഴ ഡാമില്‍ കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു

വിപണിയില്‍ പ്രിയങ്കരമായ ഗിഫ്റ്റ് തിലാപ്പിയ ഇനത്തില്‍പ്പെട്ട 72000 മത്സ്യക്കുഞ്ഞുങ്ങളെയാണ് കൂടുകളില്‍ നിക്ഷേപിച്ചത്

പാലക്കാട്: കൂട് മത്സ്യ കൃഷിയുടെ വിളവെടുപ്പ് മലമ്പുഴയില്‍ ആരംഭിച്ചു. ഫിഷറീസ് വകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പദ്ധതിയാണ് കൂട് മത്സ്യ കൃഷി. ഡാമിനകത്ത് പ്രത്യേകം തയ്യാറാക്കിയ കൂടുകളിലാണ് മത്സ്യ കൃഷി നടത്തിയത്. വിപണിയില്‍ പ്രിയങ്കരമായ ഗിഫ്റ്റ് തിലാപ്പിയ ഇനത്തില്‍പ്പെട്ട 72000 മത്സ്യക്കുഞ്ഞുങ്ങളെയാണ് കൂടുകളില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് മത്സ്യ കുഞ്ഞുങ്ങളെ കൂടുകളില്‍ നിക്ഷേപിച്ചത്.

മത്സ്യ പ്രിയര്‍ക്ക് പ്രിയങ്കരമായ ഗിഫ്റ്റ് തിലാപ്പിയ ഇനത്തില്‍പ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് കൃഷി ചെയ്യുന്നത്. ഫിര്‍മയുടെ നിയന്ത്രണത്തില്‍ തുടങ്ങിയ കൃഷി ഇപ്പോള്‍ സംസ്ഥാന മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വിദഗ്ധ പരിശീലനം നേടിയ മലമ്പുഴയിലെ 114 മത്സ്യത്തൊഴിലാളികളാണ് പദ്ധതിയുടെ സംരക്ഷകരും ഗുണഭോക്താക്കളും. മീന്‍കുഞ്ഞുങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശവും ഫിഷറസ് വകുപ്പ് നല്‍കും.

മലമ്പുഴയിലെ ഫിഷറീസ് വകുപ്പിന്റെ മത്സ്യവിപണന കേന്ദ്രം വഴിയാണ് മത്സ്യങ്ങള്‍ വില്‍ക്കുന്നത്. ഏകദേശം ഒരുകോടി രൂപയോളമാണ് പദ്ധതിച്ചെലവ്. കൂടുതല്‍ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമീകൃതാഹാരം നല്‍കി വളര്‍ത്തിയ മത്സ്യത്തിന് ഒന്നിന് ഒരു കിലോ വരെ തൂക്കമുണ്ട്.

Exit mobile version