സ്ത്രീവിരുദ്ധ പ്രസംഗം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് എതിരെ കേസ് എടുത്തു

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ചിറ്റാരിക്കാല്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പേരില്‍ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് കേസെടുത്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരന്‍ പിഎ വര്‍ഗീസിന്റെ പരാതിയിലാണ് ചിറ്റാരിക്കാല്‍ പോലീസ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് എതിരെ കേസെടുത്തത്.

വര്‍ഗീസിന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതി.

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിനെ മര്‍ദിച്ച കേസിലെ പ്രതിയായ മണ്ഡലം പ്രഡിഡന്റ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍, ചിറ്റാരിക്കാലില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കിയിരുന്നു. ഈ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കവേ ഉണ്ണിത്താന്‍ എംപി മാതാവിന്റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് പരാതി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Exit mobile version