വഫ എന്ത് തെറ്റു ചെയ്തു: സമസ്ത നേതാവിന്റെ കുറിപ്പ്

വഫ ചിലപ്പോൾ ഇരയും ഫിറോസ് വേട്ടക്കാരനുമായി മാറിയേക്കാം എന്നാണ് നാസർ ഫൈസിയുടെ പരിഹാസം.

തൃശ്ശൂർ: വിവാദനായിക വഫ ഫിറോസിനോട് ഭർത്താവ് ഫിറോസ് വിവാഹമോചനം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതിനു പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ഇനി മാധ്യമങ്ങൾക്ക് വഫ ചിലപ്പോൾ ഇരയും ഫിറോസ് വേട്ടക്കാരനുമായി മാറിയേക്കാം എന്നാണ് നാസർ ഫൈസിയുടെ പരിഹാസം.

വഫ ഫിറോസ് നൽകിയ വിവാഹമോചനക്കേസും മോഡി സർക്കാരിന്റെ മുത്തലാക്ക് നിരോധന നിയമവും ചേർത്താണ് നാസർ ഫൈസിയുടെ വിമർശനക്കുറിപ്പ്. വഫയുടെ വിഷയത്തിൽ മാധ്യമങ്ങൾ തുടരുന്ന നിലപാടും കൊല്ലപ്പെട്ട കെഎം ബഷീറിന്റെ ഭാര്യയുടെ കണ്ണീരിനേക്കാൾ വഫയുടെ കണ്ണീരിന് വില നൽകുന്നതാണ് ഇന്നത്തെ മാധ്യമങ്ങളെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

വഫയും ഫിറോസും: ഇനി ആരാകും ഇര. ഇത് വരേ വഫ വേട്ടക്കാരിയും ഫിറോസ് ഇരയുമായിരുന്നു മീഡിയകൾക്ക്. ദുർനടപ്പുകാരി എന്ന് പറയപ്പെട്ട വഫ അവരുടെ ഭർത്താവ് പാവം ഫിറോസ്.അയാൾ എല്ലാം സഹിച്ചു നിൽക്കുന്നല്ലോ…. ഇതായിരുന്നു ഇത് വരേ. ഇപ്പോൾ ഫിറോസ് വഫ യുമായി ജീവിതം മുമ്പോട്ട് കൊണ്ടുപോവാനാവില്ലെന്ന് കരുതി ഇസ്ലാമിക ശരീഅത്ത് പ്രകാരം ഭരണഘടന അനുവദിച്ച വിവാഹമോചനത്തിന് നോട്ടീസ് അയച്ചിരിക്കുന്നു.

ഓഹോ ! ത്വലാഖ് അല്ലേ. ‘ഹമ്പട കേമാ! എന്നാൽ കാണാം’. ഇനി മീഡിയാ പുകില്. ഒരു വഴി വഫ ക്ക് ഉപദേശിക്കാം. വഫ കോടതിയിലെത്തുന്നു, പറയുന്നു ‘ തെറ്റുകളൊക്കെ തിരുത്തി ജീവിതം നല്ല വഴിക്ക് തുടരാൻ താല്പര്യം ഞാൻ കാണിച്ചിരുന്നു. പക്ഷേ ഫിറോസ് എന്നെ വാക്കാൽ ‘മുത്വലാഖ് ‘ ചൊല്ലിയിരിക്കുന്നു, അതിന് സാക്ഷികളുമുണ്ട്”

അതാ വരുന്നു കോടതി വാറണ്ട് ഫിറോസിനെ അറസ്റ്റു ചെയ്യുന്നു. മൂന്ന് കൊല്ലത്തേക്ക് ജയിലിലിടുന്നു.

ചർച്ചയായി: വഫയോട് ഫിറോസ് കാണിച്ചത് ക്രൂരതയാണ്.

വഫ ഇരയും ഫിറോസ് വേട്ടക്കാരനുമാകുന്ന മറിമായം. അതിന്റെ പേരാണ് ‘മോഡി മുത്വലാഖ്’

[ യഥാർത്ഥ ഇരകളായ പെൺകുട്ടികളോടല്ല ഈ പരിഹാസം. അവരോടൊപ്പം സമുദായവും മഹല്ല് നേതൃത്വവുമുണ്ട്. പീഢിപ്പിക്കുന്ന പുരുഷനെ നിലക്കുനിർത്താൻ ഇരകൾക്കൊപ്പം സമുദായ വും നിയമവുമുണ്ട്. ശരീഅത്തിനെ പരിഹസിക്കാൻ ഇറങ്ങിത്തിരിച്ച ചില ഫെമിനിസ്റ്റുകളോടും സ്വന്തം ഭർത്താവിൽ നിന്ന് വിരോധം നേടിയതിന് എല്ലാ മുസ്ലിം പുരുഷന്മാരോടും അരിശം തീർക്കുന്ന ‘നിസ’കളോടും അവർക്ക് എന്തും വിളിച്ചു പറയാൻ ഇഷ്ടം പോലെ സമയം നൽയുന്ന ചില മീഡിയകളോടുമാണ് ഈ പരിഹാസം ]

എന്നാ പിന്നെ തുടങ്ങിക്കോളൂ,വഫയുടെ കണ്ണീരിന്റെ കഥ പറയാൻ. പത്രപ്രവർത്തകനായിട്ടും പാവം ബശീറിന്റെ വിധവയുടെ കണ്ണീരിന് ഒരു വിലയും നൽകേണ്ട.

വഫ എന്ത് തെറ്റു ചെയ്തു? ഒരു പുരുഷന്റെ ഭാര്യക്ക് മറ്റൊരാളോട് ഇടപഴകാൻ പാടില്ലേ?അവരുടെ ശരീരഭാഗം പ്രദർശിപ്പിക്കാൻ പാടില്ലേ? പാസ്‌പേർട്ടുണ്ടെങ്കിൽ ഗൾഫിൽ നിന്ന് തോന്നുമ്പോൾ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് കൂടെ? പാതിരാക്ക് ഒരാൾ സഹായത്തിന് വിളിച്ചാൽ വാഹനം കൊണ്ട് പോയിക്കൂടേ? പുരുഷവർഗ്ഗത്തിന്റെ അടിമയാണോ ശരീഅത്തിലെ ഭാര്യ? നടക്കട്ടെ ചർച്ച.

Exit mobile version