തുഷാറിന്റെ അറസ്റ്റില്‍ മൗനം പാലിച്ച് ബിജെപി; ഇടപ്പെട്ട് മുഖ്യമന്ത്രി, നിയമപരിധിയില്‍ നിന്ന് സഹായങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു

പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലില്‍ തുടരുകയാണ്.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അജ്മാനില്‍ വെച്ച് അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെടല്‍ നടത്തിയിരിക്കുന്നത്.

കസ്റ്റഡിയില്‍ ഉള്ള തുഷാറിന്റെ ആരോഗ്യ നിലയില്‍ ആശങ്ക ഉണ്ടെന്നും നിയമ പരിധിയില്‍ നിന്ന് സഹായങ്ങള്‍ ചെയ്യണമെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തുഷാര്‍ അജ്മാനില്‍ വെച്ച് അറസ്റ്റിലായത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലില്‍ തുടരുകയാണ്.

സംഭവത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. തുഷാറിനെ മനപ്പൂര്‍വം കുടുക്കിയതാണെന്നും പരസ്യ പ്രതികരണത്തിനില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി പ്രതികരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇതെന്നും തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

Exit mobile version