പിഎസ്‌സി പരീക്ഷാ തട്ടിപ്പ് സ്മാർട്ട് വാച്ചിലെ ബ്ലൂടൂത്ത് വഴി; ചോദ്യപേപ്പർ പുറത്തെത്തിച്ചത് ജനൽ വഴിയാകാമെന്നും സൂചന

തട്ടിപ്പുമായി ബന്ധപ്പെട്ട് അമ്പതിലേറെ പേർ ഉൾപ്പെടുന്ന വൻ സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന.

തിരുവനന്തപുരം: നസീമും ശിവരഞ്ജിത്തും പ്രണവും പിഎസ്‌സി പരീക്ഷാ തട്ടിപ്പ് നടത്തിയത് സ്മാർട്ട് വാച്ചിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാണെന്നു സൂചന. സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ കോപ്പിയടിച്ചത് ഇത്തരത്തിലാകം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. രണ്ട് മൊബൈൽ ഫോണുകളും മൂന്ന് മെമ്മറി കാർഡുകളും ഏതാനും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് അമ്പതിലേറെ പേർ ഉൾപ്പെടുന്ന വൻ സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന.

പരീക്ഷാഹാളിൽ പിഎസ്‌സി സാധാരണ മൊബൈൽഫോൺ അനുവദിക്കാറില്ല. അതിനാൽ ഫോൺ പുറത്തുവെക്കുന്നതിനു മുമ്പ് ശിവരഞ്ജിത്തും നസീമും കൈയിൽ കെട്ടിയിരുന്ന സ്മാർട്ട് വാച്ചും പുറത്തുള്ള ഫോണും തമ്മിൽ ബ്ലൂടൂത്ത് ഉപയോഗിച്ച് ബന്ധിപ്പിച്ചുവെന്നാണ് സൂചന. സുഹൃത്തുക്കൾ പുറത്തുനിന്ന് സന്ദേശമായി അയച്ച ഉത്തരങ്ങൾ ഈ വാച്ച് വഴി സ്വീകരിച്ചാണ് പരീക്ഷയെഴുതിയത്. പരീക്ഷാ ഹാളിൽനിന്ന് ചോദ്യക്കടലാസ് ജനാലവഴി പുറത്തേക്കിടുകയോ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ സഹായിച്ച് ചോദ്യപേപ്പർ പുറത്തെത്തിക്കുകയോ ചെയ്തിരിക്കാമെന്നാണ് സൂചന. ഈ സംശയങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ശിവരഞ്ജിത്തും നസീമും കഴിഞ്ഞദിവസം ചോദ്യംചെയ്തപ്പോൾ കുറ്റസമ്മതം നടത്തിയിരുന്നു. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് ഉൾപ്പെടെ അയക്കും. ഗോകുൽ, കല്ലറ സ്വദേശി സഫീർ, ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പിഎസ്‌സി പരീക്ഷത്തട്ടിപ്പ് കേസിൽ പ്രതികൾ. ഇതിൽ ഗോകുലും സഫീറും പ്രണവും ഒളിവിലാണ്.

Exit mobile version