വീട്ടമ്മമാരുണ്ടാക്കിയ ചോറും മീന്‍കറിയുമെല്ലാം ഇനി ഓണ്‍ലൈനില്‍; പുതിയ ആപ്ലിക്കേഷനുമായി കോഴിക്കോട്ടുകാരി

കോഴിക്കോട് ആസ്ഥാനമായ എക്ലെറ്റിക് ഈറ്റ്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ആപ്പ് വികസിപ്പിച്ചത്

വീട്ടമ്മമാര്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ചൂടോടെ കഴിക്കാന്‍ അവസരമൊരുക്കി പുതിയ മൊബൈല്‍ ആപ്പ് വരുന്നു. ‘ഡൈനപ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പിലൂടെ വീട്ടിലുണ്ടാക്കിയ ചൂട് ദോശയും പുട്ടും ചോറുമെല്ലാം ഓണ്‍ലൈനായി ലഭിക്കും. കോഴിക്കോട് ആസ്ഥാനമായ എക്ലെറ്റിക് ഈറ്റ്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ആപ്പ് വികസിപ്പിച്ചത്.

സ്ത്രീകള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോട് മലയാളികള്‍ക്ക് എന്നും പ്രത്യേക താത്പര്യമാണ്. ഇത്തരം രുചി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ ആപ്ലിക്കേഷന്‍ ഒരുങ്ങുന്നത്. ഇതിലൂടെ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗവും കണ്ടെത്താം. ആവശ്യക്കാരന്‍ നില്ക്കുന്നിടത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും.

പണം ഓണ്‍ലൈനായി അടയ്ക്കാം. ഭക്ഷണം മുന്‍കൂട്ടി ഏര്‍പ്പാടാക്കാനും സൗകര്യമുണ്ട്. ഏപ്രില്‍ മുതല്‍ ഡൈനപ്‌സ് ആപ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച് തുടങ്ങി. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആപ്പിന്റെ ഐഒഎസ് പതിപ്പ് ഉടന്‍ ഇറങ്ങും.സജ്‌ന എന്ന കോഴിക്കോട്ടുകാരിയാണ് വീട്ടിലെ ഭക്ഷണം ആസ്വദിക്കാന്‍ അവസരവുമായി ഈ ആപ് വികസിപ്പിച്ചെടുത്തത്.

അമേരിക്കയില്‍ സിവില്‍ എന്‍ജിനിയറാണ് സജ്‌ന. നല്ല ഭക്ഷണമുണ്ടാക്കാനറിയുന്ന സ്ത്രീകളുടെ കഴിവ് ഉപയോഗപ്രദമാക്കാന്‍ ഒരു വേദി ഒരുക്കുകയാണ് ആപ്പ് എന്ന് സജ്‌ന പറയുന്നു. എഫ്എസ്എസ്എഐ സര്‍ട്ടിഫിക്കറ്റും ഒരു ബാങ്ക് അക്കൗണ്ടുമുള്ള സ്ത്രീകള്‍ക്ക് ആപ്പില്‍ ഷെഫ് ആയി രജിസ്റ്റര്‍ ചെയ്യാം. വിഭവങ്ങളും അതിന്റെ വിലയും എല്ലാം ഷെഫിന് തീരുമാനിക്കാം. ഓരോ ദിവസവും എന്താണ് ഉണ്ടാക്കുക എന്ന് മുന്‍കൂട്ടി പറയാനും വിഭവത്തെക്കുറിച്ചുള്ള വിശേഷം പോസ്റ്റ് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്.

ആപ്പ് വഴി വിതരണം ചെയ്യുന്ന ഭക്ഷണം സ്ത്രീകളുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തുമെന്ന് ആപ്പിന്റെ ഓപ്പറേഷന്‍ മാനേജര്‍ റാഷിദ ലുഖ്മാന്‍ പറഞ്ഞു. കഴിച്ച ഭക്ഷണത്തെ കുറിച്ച് പ്രതികരണം അറിയിക്കാനും സൗകര്യമുണ്ട്.

Exit mobile version