ആനയൂട്ടിനിടെ ആനയുടെ കൊമ്പിൽ പിടിച്ച് പോസ് ചെയ്തു; സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ പുലിവാല് പിടിച്ച് അസിസ്റ്റന്റ് കമ്മീഷണറും എസ്‌ഐയും

ആന പരിപാലന നിയമങ്ങൾ പോലീസുകാർ ലംഘിച്ചെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.

തിരുവനന്തപുരം: ആന പരിപാലന നിയമലംഘനം നടത്തി നിയമപാലകർ തന്നെ പുലിവാല് പിടിച്ചു. ചെല്ലാമംഗലം ക്ഷേത്രത്തിൽ ആനയുട്ടിനിടയിലെ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയുടെ കൊമ്പിൽ പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണറും ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐയുമാണ് കുരുക്കിലായിരിക്കുന്നത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് സേനയ്ക്ക് തന്നെ ഉത്തരംമുട്ടി. ആന പരിപാലന നിയമങ്ങൾ പോലീസുകാർ ലംഘിച്ചെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.

ആനയൂട്ട് നടക്കുന്നതിനിടെയാണ് പോലീസുകാർ ആനയുടെ കൊമ്പിൽ പിടിച്ച് നിന്ന് ചിത്രമെടുത്തത്. എഴുന്നെള്ളിപ്പിനും പൊതുപരിപാടികൾക്കും കൊണ്ടു വരുമ്പോൾ ആനയുടെ ശരീരത്തിൽ ഒന്നാം പാപ്പൻ മാത്രമേ സ്പർശിക്കാൻ പാടുള്ളൂവെന്നാണ് സർക്കാർ തന്നെ നിർദേശിച്ചിരിക്കുന്നത്. ഇത് ഈ പോലീസുകാർ ലംഘിച്ചെന്നാണ് കണ്ടെത്തൽ. തൃശ്ശൂർ തിരുവമ്പാടി ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വികെ വെങ്കിടാചലമാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഹോം സെക്രട്ടറിക്കും പരാതി നൽകിയത്.

നിയമലംഘനം നടത്തിയ പോലീസുകാർ ഈ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചെന്നും പരാതിക്കാർ പറയുന്നു. നേരത്തെ കോഴിക്കോട് വടകരയിലെ ഒരു വിവാഹ വേദിയിൽ എത്തിച്ച മോഴ ആനയ്ക്ക് കൊമ്പുകൾ ഘടിപ്പിച്ചെന്നും ഇതുകാരണം ആനയ്ക്ക് ഭക്ഷണം കഴിക്കാൻ സാധിക്കാതിരിക്കുകയും പട്ടിണിയിലാവുകയും ചെയ്‌തെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ വരനും വരന്റെ അച്ഛൻ, ആന ഉടമ എന്നിവർക്കെതിരെയും കേസെടുക്കണമെന്നും ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് ആവശ്യപ്പെട്ടു.

Exit mobile version