മഞ്ജുവുമായി സംസാരിച്ചത് പതിനഞ്ച് സെക്കന്റ് മാത്രം; എന്തെങ്കിലും ഹെൽപ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു: സഹോദരൻ മധു വാര്യർ

ഹിമാചലിലെ ചത്രയിൽ മോശം കാലാവസ്ഥയെ തുടർന്ന് മഞ്ജു വാര്യരും 30ഓളം ചലച്ചിത്ര പ്രവർത്തകരും കുടുങ്ങിപ്പോയത്.

ചത്ര: കനത്തമഴയിലും മഴക്കെടുതികളിലും പെട്ട് ഹിമാചൽ പ്രദേശിൽ കുടുങ്ങിപ്പോയ നടി മഞ്ജു വാര്യരും സംഘവും സഹായം തേടി വിളിച്ചത് സഹോദരൻ മധു വാര്യരെ. ഇന്നലെ രാത്രിയാണ് മഞ്ജുവിൻറെ കോൾ എത്തിയതെന്നും മൊബൈൽ കവറേജ് ഇല്ലാത്ത സ്ഥലമായതിനാൽ സാറ്റലൈറ്റ് ഫോണിൽ നിന്നാണ് വിളിച്ചതെന്നും മധു വാര്യർ പറഞ്ഞു. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹിമാചലിലെ ചത്രയിൽ മോശം കാലാവസ്ഥയെ തുടർന്ന് മഞ്ജു വാര്യരും 30ഓളം ചലച്ചിത്ര പ്രവർത്തകരും കുടുങ്ങിപ്പോയത്.

’15 സെക്കൻറ് മാത്രമേ മഞ്ജുവുമായി സംസാരിക്കാൻ കഴിഞ്ഞുള്ളൂ. ഭക്ഷണം തീർന്നുകൊണ്ടിരിക്കുകയാണെന്നും രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം കൂടിയേ ഉണ്ടാവൂ എന്നും പറഞ്ഞു. എന്തെങ്കിലും ഹെൽപ്പ് ചെയ്യാൻ പറ്റുമോ എന്നും ചോദിച്ചു. ഇത്തരമൊരു അവസ്ഥ അവർ പ്രതീക്ഷിച്ചിട്ടില്ല എന്ന് തോന്നുന്നു. മൂന്ന് ആഴ്ചയായി അവർ റേഞ്ചിൽ ഉണ്ടായിരുന്നില്ല. ഇന്റർനെറ്റ് കണക്ടിവിറ്റി ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരു സ്ഥലത്തായിരുന്നു. ഹോട്ടലൊന്നും ഇല്ലാത്ത സ്ഥലമാണ്. ടെന്റിലൊക്കെ താമസിച്ചാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.’ സിനിമാ സംഘം ഉൾപ്പെടെ ഇരുനൂറോളം പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണെന്നും മധു വാര്യർ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

മൂന്നാഴ്ച മുമ്പാണ് സനൽകുമാർ ശശിധരന്റെ പുതിയ സിനിമയായ ‘കയറ്റ’ത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മഞ്ജുവും സംഘവും ഹിമാലയൻ താഴ്‌വരയിൽ എത്തുന്നത്. 11 വരെ അവർ മണാലിയിൽ ഉണ്ടായിരുന്നു. 12ന് സെർച്ചു എന്ന സ്ഥലത്തേക്ക് പോയി. അതേസമയം, രണ്ടാഴ്ചയായി ശക്തമായ മഴയാണ് ഹിമാചലിൽ.

Exit mobile version