ഹിമാചലില്‍ കനത്ത മഴയില്‍ ക്ഷേത്രം തകര്‍ന്നുവീണു: ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ ക്ഷേത്രം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു.
ഷിംലയിലെ സമ്മര്‍ ഹില്ലില്‍ ശിവക്ഷേത്രത്തിലാണ് ദാരുണസംഭവം. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

സംഭവ സമയത്ത് 50ഓളം പേര്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്ക് എത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു. പോലീസും അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ജാഡോണ്‍ ഗ്രാമത്തിലാണ് ഞായറാഴ്ച രാത്രി മേഘവിസ്‌ഫോടനം ഉണ്ടായത്. സോലന്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണ്.

മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സിഖു ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നല്‍കാന്‍ നിര്‍ദേശം നല്‍കി.

മേഘവിസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മലയോര മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടര്‍മാരില്‍ നിന്നും മുഖ്യമന്ത്രി വിവരം തേടി.

മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Exit mobile version