ഗുജറാത്തിലെ ക്ഷീണം തീര്‍ത്ത് ഹിമാചലില്‍ കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്; ജയിക്കുന്ന എംഎല്‍എമാരെ ചണ്ഡീഗഢിലേക്ക് മാറ്റും!

ഷിംല: ഗുജറാത്തില്‍ ചരിത്രത്തിലെ തന്നെ വലിയ വിജയം നേടി ബിജെപി ഭരണം പിടിച്ചെങ്കിലും ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിച്ച് തിരിച്ചടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 40 സീറ്റുകളില്‍ വിജയം പിടിച്ചെടുത്താണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.

ഹിമാചലില്‍ ബിജെപിക്ക് 25 സീറ്റുകളും നേടാനായി. രണ്ട് സീറ്റുകളില്‍ ബിജെപി വിമതരാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി ആയില്ലെങ്കിലും ഹിമാചലില്‍ ഭരണം ഏതുവിധേനെയെങ്കിലും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി.

ഇക്കാര്യം മുന്നില്‍കണ്ട് വിജയിച്ച എംഎല്‍എമാരെ സംസ്ഥാനത്ത് നിന്നും കടത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സ്വതന്ത്രരേയും കോണ്‍ഗ്രസിലെ ചില എംഎല്‍എമാരേയും ബിജെപി റാഞ്ചാതിരിക്കാന്‍ ഇവരെ ചണ്ഡീഗഢിലേക്ക് കോണ്‍ഗ്രസ് മാറ്റും.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. രാജസ്ഥാനിലേക്ക് എംല്‍എമാരെ മാറ്റുമെന്നും അതല്ല, ചണ്ഡിഗഢിലേക്കാണ് മാറ്റുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ALSO READ-150ഓളം സീറ്റുകള്‍! ചരിത്ര വിജയം നേടി ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; വോട്ട് ചോര്‍ത്തി ആപ്പിന് മുന്നേറ്റം

സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രിയങ്ക ഗാന്ധി ഷിംലയില്‍ വൈകീട്ടോടെ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്.

Exit mobile version