സിപിഎം പാർട്ടി ഓഫീസിൽ പ്രാർത്ഥനയോ; സത്യാവസ്ഥ ഇതാണ്

സിപിഎം പാർട്ടി ഓഫീസിൽ ഫാതിഹ ഓതുന്നുവെന്ന ചിത്രത്തിനു അടിക്കുറിപ്പിനും പിന്നിലുള്ള സത്യം വെളിപ്പെടുത്തി യുവാവിന്റെ കുറിപ്പ്.

കൊച്ചി: സോഷ്യൽമീഡിയയിൽ കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്ന സിപിഎം പാർട്ടി ഓഫീസിൽ ഫാതിഹ ഓതുന്നുവെന്ന ചിത്രത്തിനു അടിക്കുറിപ്പിനും പിന്നിലുള്ള സത്യം വെളിപ്പെടുത്തി യുവാവിന്റെ കുറിപ്പ്. പെരുമ്പാവൂരിനടുത്തുള്ള വാഴക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മുടിക്കലിൽ നിന്നുള്ള ഈ ചിത്രത്തിനെ കുറിച്ച് ചിലർ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നതിനിടെ ഇടതു അനുഭാവി പോലുമല്ലാത്ത അൻഷാദ് മുണ്ടയ്ക്കൽ എന്ന യുവാവാണ് യാഥാർത്ഥ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

മഴക്കെടുതിയിൽ കനത്ത നാശനഷ്ടം സംഭവിച്ച വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെടുന്നതിന് തൊട്ടുമുൻപ് നാനാജാതി-മത-രാഷ്ട്രീയ വിഭാഗത്തിൽ പെട്ടവരും നടത്തിയ പ്രാർത്ഥനയുടേതാണ് ഈ ചിത്രമെന്നും, ക്ലബിൽ സാധനങ്ങൾ ശേഖരിച്ചുവച്ചിരുന്നതിനാൽ സ്ഥലമില്ലാത്തതിനാൽ തൊട്ടടുത്ത പാർട്ടി ഓഫീസിൽ കസേരകളിട്ട് ആളുകൾക്ക് സൗകര്യമൊരുക്കുകയായിരുന്നു എന്നും അൻഷാദിന്റെ കുറിപ്പിൽ പറയുന്നു. സിപിഎം ഓഫീസിൽ ഫാതിഹ ചൊല്ലിയതല്ലെന്നും അത് വ്യാജപ്രചാരണമാണെന്നും പറയുന്ന കുറിപ്പിൽ പ്രാർത്ഥനാ സമയത്ത് കോൺഗ്രസ് -മുസ്ലീം ലീഗ് പ്രവർത്തകരും ഇവിടെ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. മഹല്ലിലെ ഇമാം രാത്രി റോഡിൽ നിന്ന് ദുആ ചെയ്യേണ്ടെന്ന് കരുതിയാണ് പാർട്ടി ഓഫീസിലേക്ക് എത്തിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പിൽ അൻഷാദ് വിശദീകരിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഞാൻ ഒരു LDF കാരൻ അല്ലാ… അതിന്റെ അനുഭാവിയും അല്ലാ എന്ന് മാത്രമല്ല വ്യക്തമായ ആശയപരമായ പല വിയോജിപ്പുകളും ഉള്ള ഒരാളാണ് എന്നത് എന്നെ അറിയുന്ന എല്ലാവർക്കും അറിയാം .. എങ്കിലും അവരെ കുറിച്ച് സത്യസന്ധമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഞാൻ എന്തിനു കൂട്ടു നിൽക്കണം… അവരെ കുറിച്ച് നുണ പ്രചരണം നടത്തലല്ല പാർട്ടി പ്രവർത്തനം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു… ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രജരിപ്പിക്കുന്ന എന്റെ നാട്ടിലെ ചില ഫോട്ടോസ് ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത്…
എന്റെ നാട്ടിലെ അതായത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വാഴക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മുടിക്കലിലെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രളയ ദുരിതമനുഭവിക്കുന്ന വയനാടൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇരുപത്തിയഞ്ച് പേരടങ്ങുന്ന ഒരു സന്നദ്ധ സേവന സംഘം 17-8-2019ശനിയാഴ്ച രാത്രി 10.30ന് വയനാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു അതിൽ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പെടും…
വയനാട്ടിലേക്കുള്ള വാഹനം പുറപ്പെടുന്നതിന് മുൻപായി ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു പ്രാർത്ഥന നടത്താൻ ഉദ്ദേശിച്ചിരുന്നു നാട്ടുകാർ സമാഹരിച്ച ഈ സാദനങ്ങൾ എല്ലാം ക്ലബ്ബിൽ ആണ് സൂക്ഷിച്ചിരുന്നത്… അവിടെ എല്ലാവർക്കും ഒത്തൊരുമിച്ചു ഇരിക്കാൻ പറ്റാത്തത് കൊണ്ടാണ് തൊട്ടടുത്തുള്ള പാർട്ടി ഓഫീസിലേക്ക് കസേരകൾ ഇട്ട് അവിടെ വച്ച് പ്രാർത്ഥന നടത്തിയത്..ഈ ഫോട്ടോയിൽ സൂക്ഷിച്ചു നോക്കിയാൽ സാധങ്ങൾ തൂകുന്ന ത്രാസ്സ് കാണാം … ഈ സമയത്ത് അവിടെ കോൺഗ്രസ്/ ലീഗ് പ്രവർത്തകർ ഒകെ ഉണ്ടായിരുന്നു അവരാരും പറഞ്ഞില്ല പാർട്ടി ഓഫീസിൽ വച്ച് പ്രാർത്ഥന നടത്തണ്ട എന്നത് കാരണം ആ മഹല്ലിലെ ഇമാം രാത്രി ദുആക്ക് വരുമ്പോൾ റോട്ടിൽ നിർത്തി ദുആ ചെയ്യിപ്പിക്കുന്നത് ഒരു ബഹുമാനകുറവ് ആണ് അത് ശെരിയല്ല എന്നതിൽ അവർക്ക് നല്ല ബോധം ഉണ്ടായിരുന്നു…
ഈ പ്രാർത്ഥനയുടെ ചിത്രങ്ങളെടുത്താണ് CPIM പാർട്ടി ഓഫീസിൽ ഫാതിഹ ഓതുന്നുവെന്ന രീതിയിൽ ചില സാമൂഹ്യ കുത്തിതിരിപ്പ് സംഘ ദ്രോഹികൾ നവമാധ്യമങ്ങളിലൂടെ നുണപ്രചരണം നടത്തുന്നത്….അതിപ്പോ ഏത് പാർട്ടിയിലും കാണുമല്ലോ സ്വന്തം പാർട്ടിയുടെ നല്ല വശങ്ങൾ കാണിക്കുന്നതിനെക്കാൾ മറ്റു പാർട്ടികളുടെ കുറ്റവും കുറവും പിന്നെ നുണ പ്രജരണവും നടത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന സൈബർ തെണ്ടികൾ ഞാൻ അതിനെ അത്രെ കാണുന്നുള്ളൂ….

‘പറയാൻ മടിക്കുന്ന നാവും ഉയരാൻ മടിക്കുന്ന കയ്യും ഇത് ഷെയർ ചെയ്യാൻ മടിക്കുന്ന വിരലും അടിമത്തതിന്റെതാണ്…’ ??
– അൻഷാദ് മുണ്ടക്കൽ

Exit mobile version