ദുരിതാശ്വാസം എത്തിച്ച് മടങ്ങുന്നതിനിടെ അപകടം; പരിക്കേറ്റവർക്ക് സാന്ത്വനവുമായി ആരോഗ്യമന്ത്രി; സൗജന്യ ചികിത്സയും പരിചരണവും ഉറപ്പാക്കി

നിലമ്പൂർ പോത്തുകല്ലിൽ ദുരിതാശ്വാസം എത്തിച്ച് മടങ്ങിവരുംവഴിയാണ് യുവാക്കൾ അപകടത്തിൽപെട്ടത്.

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും സഹാനുഭൂതിയും നന്മയും സഹായങ്ങളായി പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്നവർക്കായി എത്തിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട സുഹൃദ്‌സംഘത്തിന് സാന്ത്വനവുമായി സർക്കാർ. നിലമ്പൂർ പോത്തുകല്ലിൽ ദുരിതാശ്വാസം എത്തിച്ച് മടങ്ങിവരുംവഴിയാണ് യുവാക്കൾ അപകടത്തിൽപെട്ടത്. ഇവരുടെ വിവരമറിഞ്ഞ ആരോഗ്യമന്ത്രി കെകെ ഷൈലജ മെഡിക്കൽ സൂപ്രണ്ടിനെ നേരിട്ടു വിളിച്ചു സംഘത്തിനു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൗജന്യ ചികിത്സ നൽകാൻ നിർദേശിച്ചു. ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ച് മടങ്ങുന്നതിനിടെയാണ് തിരുവനന്തപുരത്തെ നാടക് സുഹൃദ്‌സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്.

സംഘം സഞ്ചരിച്ച മിനി ലോറി ആലപ്പുഴയ്ക്കു സമീപം പാതിരപ്പള്ളിയിലെ ദേശീയപാതയിൽ വച്ച് ടാങ്കർ ലോറിയുമായി കൂട്ടയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരുടെ ചികിത്സാ സഹായത്തിനായി ഇവരുടെ സുഹൃത്തുക്കൾ ആരോഗ്യമന്ത്രിയെ സമീപിച്ചപ്പോഴാണ് മന്ത്രി സഹായഹസ്തം നീട്ടിയത്.

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള നാടക പ്രവർത്തകരുടെ സംഘടനയാണ് ‘നാടക്’. ഇവർ ശേഖരിച്ച അവശ്യ സാധങ്ങളടങ്ങിയ കിറ്റുകൾ നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിൽ വിതരണത്തിനെത്തിച്ചിരുന്നു.

Exit mobile version