ജലനിരപ്പിന് മുകളില്‍ വലിയ ശബ്ദത്തോടെ പുതിയ ഉറവ; കിണറിലുണ്ടായ അപൂര്‍വ്വ പ്രതിഭാസത്തില്‍ ആശങ്കയോടെ വീട്ടുകാര്‍

ഉപ്പുതറ 14ാം വാര്‍ഡില്‍ പുതുക്കട സ്വദേശിയായ രമയുടെ കിണറിലാണ് നാലു ദിവസമായി ഈ അപൂര്‍വ പ്രതിഭാസം

ഇടുക്കി: കിണറിലുണ്ടായ അപൂര്‍വ്വ പ്രതിഭാസം കാണികളെ ഒന്നടങ്കം അമ്പരപ്പിക്കുന്നു. 35 അടി താഴ്ചയുള്ള കിണറിലെ ജലനിരപ്പിന് തൊട്ട് മുകളിലായി വലിയ ശബ്ദത്തില്‍ വെള്ളമൊഴുക്കുണ്ടായതാണ് കൗതുക കാഴ്ചയായത്. ഉപ്പുതറ 14ാം വാര്‍ഡില്‍ പുതുക്കട സ്വദേശിയായ രമയുടെ കിണറിലാണ് നാലു ദിവസമായി ഈ അപൂര്‍വ പ്രതിഭാസം.

കിണറിന്റെ ജലനിരപ്പിന് മുകളില്‍ ഉറവയുണ്ടായിട്ടും ജലനിരപ്പില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലാത്തത് അത്ഭുതപ്പെടുത്തുന്നു. വലിയ ശബ്ദത്തോടെയാണ് പുതിയ ഉറവ പ്രത്യക്ഷപ്പെട്ടത്. ശബ്ദമുണ്ടായ അതേ സമയം വീടിനുള്ളില്‍ മുഴക്കവും, ചെറിയ ചലനവും അനുഭവപ്പെട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു.

ഉറവയുണ്ടായിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും കിണറിലെ വെള്ളം ഉയരാതിരുന്നതോടെ പ്രദേശമെല്ലാം പരിശോധിച്ചു. എന്നാല്‍ സമീപ പ്രദേശങ്ങളിലെങ്ങും ഉറവയോ, വെള്ളമൊഴുക്കോ കണ്ടെത്തിയില്ല. എന്നാല്‍ കിണറിനുള്ളിലെ ശബ്ദം ഉയരാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ ആശങ്കയിലുമായി.

തുടര്‍ന്ന് വിവരം പഞ്ചായത്തിലും വില്ലേജിലും അറിയിക്കുകയും റവന്യു അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം , തഹസീല്‍ദാര്‍ മുഖേന കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കുകയും ചെയ്തു. വീട്ടുകാരുടെ സുരക്ഷയെ മുന്നില്‍ക്കണ്ട് വീട്ടില്‍ നിന്നു മാറി താമസിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചു.

Exit mobile version