സിസ്റ്റർ ലൂസി എത്രയും പെട്ടെന്ന് മഠം വിടണം; മകളെ കൂട്ടിക്കൊണ്ട് പോകാൻ അമ്മയ്ക്ക് കത്തയച്ചു; അന്ത്യശാസനവുമായി സഭ

വയനാട്: സഭയിൽ നിന്നും പുറത്താക്കിയ സിസ്റ്റർ ലൂസി എത്രയും വേഗം മഠം വിട്ടുപോകണമെന്ന് സന്യാസസഭയുടെ അന്ത്യശാസനം. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് ലൂസിയുടെ അമ്മയ്ക്ക് സഭ കത്തയയ്ക്കുകയും ചെയ്തു. നേരത്തെ ലൂസിയെ എഫ്‌സിസി സന്യാസസഭ പുറത്താക്കിയിരുന്നു. കന്യാസ്ത്രീസമരത്തിൽ പങ്കെടുത്തതടക്കമുള്ള വിഷയങ്ങളിലെ സഭയുടെ എതിർപ്പാണ് ലൂസിക്ക് തിരിച്ചടിയായത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ശക്തമായ പിന്തുണ നൽകിയതിന്റെ പേരിൽ സഭയിൽ ലൂസിക്കെതിരെ പ്രതികാര നടപടിക്ക് കളമൊരുങ്ങുകയായിരുന്നു. മെയ് 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.

കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. കാർ വാങ്ങിയതും, സഭയിലേക്ക് ശമ്പളം അടയ്ക്കാത്തതും തുടങ്ങിയ നിരവധി അച്ചടക്ക ലംഘനങ്ങളിൽ താക്കീത് നൽകിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.

Exit mobile version