നഷ്ടമായ അധ്യയന ദിനങ്ങള്‍ കണ്ടെത്തും; ശനിയാഴ്ചകളും ഇനി പ്രവൃത്തിദിനം; ഓണപ്പരീക്ഷകളുടെ തീയ്യതിയില്‍ മാറ്റമില്ല

220 പ്രവൃത്തിദിനങ്ങളാണ് ഈ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലക്ഷ്യമിട്ടിരുന്നത്

തിരുവനന്തപുരം: മഴ കാരണം നഷ്ടമായ അധ്യയന ദിനങ്ങള്‍ കണ്ടെത്താന്‍ നടപടി. ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലം പാഠ്യഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കിലും ഓണപ്പരീക്ഷകളുടെ തീയ്യതികള്‍ മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനം.

220 പ്രവൃത്തിദിനങ്ങളാണ് ഈ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മഴക്കെടുതിയെത്തുടര്‍ന്ന് തുടര്‍ച്ചയായി അധ്യയന ദിനങ്ങള്‍ നഷ്ടമായി. ഇത് പരിഹരിക്കാന്‍ നഷ്ടമായ അധ്യയന ദിനങ്ങളുടെ എണ്ണം അനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനാണ് അതതു ഡിഡിഇമാര്‍ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശം നല്കിയിരിക്കുന്നത്.

രണ്ടാം ശനിയാഴ്ചകള്‍ ഒഴികെയുള്ളവ പ്രവൃത്തിദിനമാക്കി, ഓരോ ജില്ലയിലെയും ആവശ്യം അനുസരിച്ച് ഡിഡിഇമാര്‍ ഉത്തവിറക്കും. ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 26ന് തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചത്. ഈ തീയ്യതികളില്‍ മാറ്റം വരുത്തേണ്ട എന്നാണ് തീരുമാനം. പരീക്ഷ മാറ്റുന്നത് മൊത്തം അധ്യയന കലണ്ടറിനെ ബാധിക്കുമെന്നതിനാലാണിത്.

Exit mobile version