താമസം തമിഴ്‌നാട്ടില്‍, കേരളത്തിലേയ്ക്ക് വണ്ടി കയറുന്നത് മോഷ്ടിക്കാന്‍ മാത്രം! പോലീസിനെ ചുറ്റിച്ച ‘മലയാളിക്കള്ളന്‍’ ഒടുവില്‍ പിടിയില്‍

കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നിരുന്നു. ഉടമസ്ഥര്‍ കടയില്‍ പണം സൂക്ഷിച്ചിരുന്നില്ല.

മലപ്പുറം: തമിഴ്‌നാട്ടില്‍ താമസിച്ച് കേരളത്തിലേയ്ക്ക് മോഷ്ണത്തിന് മാത്രം എത്തുന്ന മോഷ്ടാവ് പിടിയില്‍. പെരിന്തല്‍മണ്ണയില്‍ വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേളത്തില്‍ മോഷണം നടത്തി തമിഴ്‌നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു വാടക്കല്‍ ഉമ്മറിന്റെ പതിവ്. കളവ് നടത്തി മുങ്ങിയ ഇയാള്‍ മോഷണത്തിനായി വീണ്ടും പെരിന്തല്‍മണ്ണയിലെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.

പതിവായി മോഷണം നടത്തി വന്ന ഇയാള്‍ മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. കഴിഞ്ഞ മാസം അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുള്ള ബേക്കറിയിലും പലചരക്ക് കടയിലുമാണ് മോഷണ ശ്രമം നടത്തിയത്. കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നിരുന്നു. ഉടമസ്ഥര്‍ കടയില്‍ പണം സൂക്ഷിച്ചിരുന്നില്ല. അതിനാലാണ് പണം കവരാനുള്ള ഉമ്മറിന്റെ ശ്രമം പരാജയപ്പെട്ടത്.

സമീപത്തെ കടകളിലെ സിസിടിവിയില്‍ മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഉമ്മറിനെ അന്ന് തന്നെ പെരിന്തല്‍മണ്ണ പോലീസ് തിരിച്ചറിഞ്ഞതാണ്. ഇതിനിടെയാണ് മോഷണത്തിനായി പ്രതി വീണ്ടും പെരിന്തല്‍മണ്ണയിലെത്തിയെന്ന വിവരം കഴിഞ്ഞദിവസം പൊലീസിന് കിട്ടുന്നത്. നിലവില്‍ തമിഴ്‌നാട് ഈറോഡില്‍ വാടകക്ക് താമസിക്കുന്ന ഉമ്മര്‍ മോഷണത്തിനായി മാത്രമാണ് കേരളത്തിലെത്താറുള്ളതെന്ന് പോലീസ് പറയുന്നു.

Exit mobile version