പ്രണയം കൊണ്ട് കാൻസറിനെ കീഴടക്കിയ ഭവ്യയും സച്ചിനും ബുള്ളറ്റ് വിൽക്കുന്നു; കേരളത്തിന് തങ്ങളാലാകും വിധം കൈത്താങ്ങാകാൻ; കണ്ണുനിറഞ്ഞ് സോഷ്യൽമീഡിയ

പ്രണയം കൊണ്ട് കാൻസറിനെ അതിജീവിച്ച നിലമ്പൂരിലെ ആ ദമ്പതികളാണ് ഇവർ.

മലപ്പുറം: കേരളത്തെ വീണ്ടുമൊരു മഴക്കാലം മുക്കി കളയുമ്പോൾ കൈത്താങ്ങാകാൻ ആയിരം കരങ്ങൾ ഒരുമിക്കുകയാണ്. ഇതിനിടെയാണ് സ്വന്തം നാട്ടിലെ ദുരിതം നേരിട്ടറിഞ്ഞ സച്ചിനും ഭവ്യയും തങ്ങളാൽ കഴിയും വിധം സഹായം ചെയ്യാനായി രംഗത്തെത്തിയിരിക്കുന്നത്. ആരാണ് സച്ചിനും ഭവ്യയുമെന്നല്ലേ പ്രണയം കൊണ്ട് കാൻസറിനെ അതിജീവിച്ച നിലമ്പൂരിലെ ആ ദമ്പതികളാണ് ഇവർ.

കാൻസറെന്ന മഹാമാരിയെ തോൽപ്പിച്ച സച്ചിനും ഭവ്യയ്ക്കും ഉറപ്പുണ്ട് പ്രളയക്കെടുതികളേയും നേരിടാനുള്ള കരുത്ത് ഈ നാടിനുണ്ടെന്ന്. മുമ്പ് മനക്കരുത്തിന്റെ പ്രതീകമായി നമുക്ക് മുന്നിൽ നിന്ന സച്ചിനും ഭവ്യയും ഇന്ന് സമൂഹത്തിന്റെ മുന്നിലെത്തിയിരിക്കുന്നത് മനുഷ്യത്വത്തിന്റെ നേർക്കാഴ്ചയായാണ്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്നുപോയ ജനതയ്ക്ക് സഹായം നൽകാൻ തങ്ങൾക്ക് സമ്മാനമായി ലഭിച്ച ബുള്ളറ്റ് വിൽക്കാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ. ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ മുമ്പ് സന്മനസുകൾ നൽകിയ ബുള്ളറ്റാണ് സച്ചിനും ഭവ്യയും വിൽക്കാനൊരുങ്ങുന്നത്. ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും സച്ചിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ ദമ്പതികളുടെ സത്പ്രവർത്തിയിൽ കണ്ണ്‌നിറഞ്ഞ് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ ഒന്നാകെ.

ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തിൽ പെട്ട കുറച്ചു ആളുകൾ യാത്രകളെ സ്‌നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്… ഇപ്പോൾ ഞങ്ങളെ നാടും നഗരവും എല്ലാം തകർന്നടിഞ്ഞു, ഒരുപാട് ജീവനുകൾ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയിൽ നിന്നും കിട്ടാനുമുണ്ട്… എന്റെ നാട് പഴയതുപോലെയാവാൻ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു… നമ്മൾ അതിജീവിക്കും ഫേസ്ബുക്കിൽ സച്ചിൻ കുമാർ കുറിച്ചതിങ്ങനെ.

മഴക്കെടുതി ഏറ്റവുമധികം ബാധിച്ച നിലമ്പൂർ കവളപ്പാറയ്ക്ക് സമീപത്തെ പോത്തുകല്ലിലാണ് ഇവരുടെ വീട്. നിലമ്പൂരിലെ അക്കൗണ്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽവെച്ചുള്ള പരിചയമാണ് പിന്നീട് സച്ചിനേയും ഭവ്യയേയും പ്രണയത്തിലാക്കിയത്. പ്രണയത്തിന്റെ രണ്ടാമത്തെ മാസമാണ് ഭവ്യക്ക് അസ്ഥികളിൽ കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ, താൻ ഹൃദയത്തിലേറ്റിയവളെ കൈവിടില്ലെന്ന നിശ്ചയദാർഢ്യത്തോടെ സച്ചിൻ ഭവ്യയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരികയായിരുന്നു. സച്ചിന്റെ വീട്ടുകാരും പൂർണമനസോടെ സച്ചിന്റെ തീരുമാനത്തിനോടൊപ്പം നിന്നു. ചികിത്സയുടെ ഓരോഘട്ടത്തിലും ഭവ്യയുടെ കൂടെ നിന്ന സച്ചിൻ ഒടുവിൽ കാൻസർ തോൽവി സമ്മതിച്ചതോടെയാണ് തന്റെ പോരാട്ടം അവസാനിപ്പിച്ചത്. ഭവ്യ സുഖപ്പെട്ടു വരുന്നുവെന്നും കീമോ നിർത്തിയതായും സച്ചിൻ തന്നെയാണ് ഫേസ്ബുക്കിലൂടെ മുമ്പ് അറിയിച്ചതും. അന്നും കരുതലും സ്‌നേഹവും അറിയിച്ച് സോഷ്യൽമീഡിയയും ഇരുവർക്കുമൊപ്പം നിന്നിരുന്നു.

Exit mobile version