കേരളത്തിന്റെ കണ്ണീരൊപ്പാന്‍ കടല്‍ കടന്നും സഹായം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി, നല്ല മനസിന് ആദരവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയദുരിതക്കെടുതിയില്‍ നിന്നും കരകയറാന്‍ കേരളത്തിന് കടല്‍ കടന്നും സഹായഹസ്തം. കേരളീയരുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് കോവളത്ത് വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണ.

തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഇലിസ് കേരളത്തിനോടുള്ള സ്‌നേഹം അറിയിച്ചത്. ഈ വിഷമമേറിയ ഘട്ടത്തില്‍ കേരളീയര്‍ക്കൊപ്പമാണെന്നും ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് കേരളീയര്‍ക്ക് ഉണ്ടാകട്ടെയെന്നും ഇലിസ് സന്ദേശത്തില്‍ പറയുന്നു.

മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇലിസയുടെ വീഡിയോ പങ്കുവച്ചത്.
സമാനതകല്‍ ഇല്ലാത്ത അനുഭവം എന്നാണ് ഇലിസയുടെ സഹായത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവെന്നും മുഖ്യമന്ത്രി ഫേസ്സ്ബുക്കില്‍ വ്യക്തമാക്കി.

Exit mobile version