‘പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍’; കൈത്താങ്ങായി സര്‍ക്കാര്‍

വെള്ളം കയറി ഇ പോസ് സംവിധാനം തകരാറില്‍ ആയ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ: ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍. പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കും. ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളം കയറി ഇ പോസ് സംവിധാനം തകരാറില്‍ ആയ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കനത്ത മഴയിലും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ചിരുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ റേഷന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടനാട്ടിലായിരുന്നു ഇത് കൂടുതലായി ബാധിച്ചത്. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് പഞ്ചിംഗ് മെഷ്യനും നെറ്റ് കണക്ഷനും പ്രവര്‍ത്തിക്കാതായി.

ഇത് പ്രവര്‍ത്തിക്കാത്തതിനാല്‍ റേഷന്‍ വ്യാപാരികള്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിയില്ല. സാധാരണ ഗതിയില്‍ റേഷന്‍ ലഭിക്കണമെങ്കില്‍ കാര്‍ഡ് ഉടമയുടേയോ വീട്ടുകാരുടേയോ വിരല്‍ പഞ്ചിംഗ് മെഷിനില്‍ പതിയണം. വിരല്‍ പതിപ്പിക്കാന്‍ കഴിയാതെ വന്നതോടെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അരി മേടിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയും വന്നിരുന്നു.

Exit mobile version