പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കും; ഉറപ്പ് നല്‍കി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കുമെന്ന ഉറപ്പ് നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്. ഒന്ന് മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ പാഠപുസ്തകങ്ങള്‍ ലഭിക്കുക.

മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂളിലെ പ്രഥമാധ്യാപകര്‍ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രളയത്തിലും കനത്ത മഴയിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് നാശങ്ങള്‍ സംഭവിച്ചത്. ഒരു പുസ്തകം പോലും ബാക്കിയില്ലാതെ ഒന്നടങ്കമാണ് കുത്തിയൊലിച്ചു വന്ന മലവെള്ളം കൊണ്ടുപോയത്. ഇവര്‍ക്ക് മന്ത്രിയുടെ വാക്കുകള്‍ ഏറെ ആശ്വാസം പകരുന്ന ഒന്നാണ്.

Exit mobile version