തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് മാറാത്തതിന് കാരണം ജലസേചനവകുപ്പിന്റെ അനാസ്ഥമൂലമാണെന്ന് കൃഷിമന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍. ഏനാമാക്കല്‍ റഗുലേറ്റര്‍ ഫേസ് കനാലിലെ റിങ്ങ് ബണ്ട് പൂര്‍ണ്ണമായും പൊളിച്ചു നീക്കാന്‍ കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും ജലസേചന എഞ്ചിനിയര്‍മാര്‍ അതിന് തയ്യാറായില്ല. ഇതോടെ പലയിടങ്ങളിലും വെള്ളംകെട്ടിക്കിടക്കുന്ന അവസ്ഥയിലായി.
ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാത്ത ജലസേചന വകുപ്പ് എഞ്ചിനിയര്‍മാരെ ഇന്നലെ ഏനാമാവിലെ നെഹറു പാര്‍ക്കില്‍വിളിച്ച് വരുത്തി മന്ത്രി സുനില്‍കുമാര്‍ ശാസിച്ചു. തൃശ്ശൂര്‍, നെടുപുഴ, ചാലൂര്‍,ആലപ്പാട്, അരിമ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ വെള്ളത്തിലാണ്. ഇതിനെല്ലാം ഉത്തരവാദികള്‍ ജലസേചന വകുപ്പാണെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് വഴക്ക് കേള്‍ക്കുന്നത് എംഎല്‍എമാരും ജനപ്രതിനിധികളുമാണെന്നും അദ്ദേഹം പറഞ്ഞു.
ബണ്ട് പൊളിച്ചു നീക്കാതെ തന്നെ എഞ്ചിനീയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത് എല്ലാം കൃത്യമായി ചെയതുവെന്നാണ്, എന്നാല്‍ ഇനി ബണ്ട് പൂര്‍ണ്ണമായും പൊളിച്ച് നീക്കിയിട്ട് പോയമതിയെന്നും മന്ത്രി പറഞ്ഞു. അതുവരെ താന്‍ ഇവിടെ ഇരിക്കുകയാണെന്നും എഞ്ചിനിയര്‍മാരുടെ നിരുത്തരവാദപരമായ സമീപനത്തിന് ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി.