തൃശൂർ: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരി അറസ്റ്റിൽ. പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ സഹ പൂജാരിയായ അരുൺ ആണ് അറസ്റ്റിലായത്.
കർണാടക സ്വദേശിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും യുവതിയുടെ പരാതിയുണ്ട്. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബ പ്രശ്നം തീർക്കാനാണ് യുവതി ഈ ക്ഷേത്രത്തിൽ എത്തിയത്. ഓൺലൈന് പരസ്യം കണ്ടാണു യുവതി പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് എത്തുന്നത്.
മലയാളം അറിയാത്ത യുവതിയെ പൂജകൾക്കിടെ സഹായിച്ച് അരുൺ സൗഹൃദത്തിലായി.കുടുംബത്തിനു മേൽ ദുർമന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതു മാറ്റാനായി പ്രത്യേക പൂജകൾ വേണമെന്നും അരുൺ പറഞ്ഞു.
പിന്നീട് നിരന്തരം ഫോണിൽ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും നഗ്ന വിഡിയോ എടുത്ത് കേരളത്തിൽ എത്തിച്ച് കാറിൽ വെച്ച് പീഡിപ്പിച്ചു എന്നുമാണ് പരാതി.
വഴങ്ങിയില്ലെങ്കിൽ മക്കൾ മരിച്ചു പോകുന്നതിനുള്ള പൂജ ചെയ്യുമെന്നുവരെ ഇവരെ ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. മറ്റ് വഴികളില്ലാതായതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
അതേസമയം, സ്ത്രീയെ തുടർച്ചയായി ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ബന്ധപ്പെട്ടതിന്റെ എല്ലാ രേഖകളും കർണാടക പൊലീസിനെ ലഭിച്ചിട്ടുണ്ട്. തുടർന്നാണ് അറസ്റ്റ്.