ചുമരില്‍ വിള്ളല്‍ കണ്ട് ഭാര്യയെയും മക്കളെയും കൂട്ടി രജീഷ് പുറത്തിറങ്ങി; ഇരുനില വീട് നിലംപൊത്തിയത് നിമിഷങ്ങള്‍ക്കുള്ളില്‍

തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം

തലശ്ശേരി: വീടിന് പുറകില്‍ നിന്നും ഒരു ചെറിയ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് പിന്‍ ചുമരില്‍ ചെറിയൊരു വിള്ളല്‍ കണ്ടത്. പിന്നെ ഉള്ളില്‍ ഭീതി നിറഞ്ഞു. ഉടന്‍ തന്നെ ഭാര്യയെും മക്കളെയും വിളിച്ച് പുറത്തേക്കിറങ്ങി. നിമിഷ നേരത്തിനുള്ളിലായിരുന്നു ഇരുനില വീട് നിലംപൊത്തിയത്. വന്‍ദുരന്തത്തില്‍ നിന്നും താനും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇനിയും ഞെട്ടല്‍ മാറാതെ ടെമ്പിള്‍ഗേറ്റ് മമ്പള്ളി രജീഷ് പറയുന്നു.

തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീടിനുള്ളില്‍ രാമായണം വായിക്കുകയായിരുന്നു രജീഷ്. റെയില്‍ പാളത്തില്‍ നിന്ന് 50 മീറ്റര്‍ അകലെയായിരുന്നു രജീഷിന്റെ പഴയ ഇരുനില വീട്. പാളത്തിലൂടെ തീവണ്ടി കടന്നുപോയതിന് പിന്നാലെ വീടിന്റെ പിറകില്‍നിന്ന് ചെറിയൊരു ശബ്ദംകേട്ടു. ഉടന്‍ തന്നെ ചെന്നുനോക്കിയപ്പോള്‍ ചുമരില്‍ ചെറിയൊരു വിള്ളല്‍ കണ്ടു. തലേദിവസം വീടിന്റെ മറ്റൊരു ഭാഗത്ത് കുമ്മായം അടര്‍ന്നു വീണതായും കണ്ടിരുന്നു.

രജീഷ് അതത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ ചുമരിലെ വിള്ളല്‍ കണ്ടതോടെ ഉള്ളില്‍ ഭീതി നിറയാന്‍ തുടങ്ങി. ഉടന്‍ തന്നെ വീട്ടിനുള്ളിലായിരുന്ന ഭാര്യ പ്രീതയെയും മക്കളായ രാഗയെയും ഋഗ്വേദിനെയും കൂട്ടി രജീഷ് വീടിന് പുറത്തിറങ്ങി. ആ സമയം രജീഷിനെ കാണാന്‍ കൂട്ടുകാര്‍ വീട്ടുമുറ്റത്തെത്തിയിരുന്നു. അവരോട് സംഭവം പറയാന്‍ തുടങ്ങുമ്പോഴേക്കും വീട് ഉഗ്രശബ്ദത്തോടെ നിലംപൊത്തി.

അടുക്കളയും അതിനോട് ചേര്‍ന്ന വരാന്തയുടെ ചെറിയൊരുഭാഗവും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഫര്‍ണിച്ചറും വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം തകര്‍ന്നടിഞ്ഞു. എന്നാല്‍ തന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് രജീഷ്. ജ്ഞാനോദയ യോഗം ഭരണസമിതി ഡയറക്ടറാണ് രജീഷ്.

Exit mobile version