പ്രളയബാധിത പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രി: ചൊവ്വാഴ്ച പുത്തുമലയും കവളപ്പാറയും സന്ദര്‍ശിക്കും

കോഴിക്കോട്: മലപ്പുറം, വയനാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശനം നടത്തും. നാളെ രാവിലെ വിമാന മാര്‍ഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തും.

സുല്‍ത്താന്‍ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദര്‍ശിക്കുക. പിന്നീട് റോഡ് മാര്‍ഗം ഉരുള്‍പൊട്ടല്‍ നാശം വിതച്ച മേപ്പാടിയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ജില്ലയിലെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ യോഗവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്നുണ്ട്.

ഉച്ചതിരിഞ്ഞ് ഹെലിക്കോപ്റ്ററില്‍ മലപ്പുറത്തേക്ക് പോകുന്ന മുഖ്യമന്ത്രി നിലമ്പൂരിലെ ഭൂദാനത്ത് ദുരിതാശ്വാസ ക്യാമ്പിലുളളവരെ സന്ദര്‍ശിക്കും. ജനപ്രതിനിധികളുമായുളള കൂടിക്കാഴ്ചയും ഇവിടെ നടക്കും.

മഴക്കെടുതി നേരിട്ട മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാകളക്ടര്‍മാരുമായി മുഖ്യമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി. ദുരിതാശ്വാസ ക്യാമ്പിലുളളവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെയായി 76 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 58 പേരെ കാണാനില്ലെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ ജില്ലകളിലായി 1624 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2,86,000 പേരാണ് ക്യാമ്പുകളിലുള്ളത്. 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

Exit mobile version