മണ്ണിനടിയിൽ എത്ര ജീവനുകൾ; പുത്തുമലയിലെ ഉരുൾപൊട്ടലിൽ എത്രപേർ കുടുങ്ങിയെന്ന് ഇനിയും സ്ഥിരീകരിക്കാനായില്ല

എത്ര പേർ അപകടത്തിൽ പെട്ടെന്ന് കൃത്യമായി പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടർ എആർ അജയ കുമാർ.

കൽപ്പറ്റ: വയനാട് പുത്തുമലയിൽ ഉരുൾപൊട്ടൽ ദുരന്തം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അപകടത്തിൽ എത്രപേർ പെട്ടുപോയെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ രക്ഷാപ്രവർത്തകരും നാട്ടുകാരും. എത്ര പേർ അപകടത്തിൽ പെട്ടെന്ന് കൃത്യമായി പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടർ എആർ അജയ കുമാർ പറഞ്ഞു.

ഒരു ഗ്രാമമൊന്നാകെ ഇല്ലാതായ പുത്തുമല ഉരുൾപൊട്ടലിൽ 40ലേറെ പേരെ കാണാതായെന്നായിരുന്നു രക്ഷപ്പെട്ടവരുടെ ആദ്യ പ്രതികരണം. എന്നാൽ ജില്ലാ പഞ്ചായത്ത്, റവന്യൂ, അധികൃതരും ഹാരിസൺ മലയാളം കമ്പനിയും നടത്തിയ വിവരശേഖരണത്തിന് ശേഷം ദുരന്തിൽ പെട്ടത് 18 പേരാണെന്ന് കൽപ്പറ്റ എംഎൽഎ സികെ ശശീന്ദ്രൻ അറിയിച്ചു. പിന്നാലെ അപകടത്തിൽ കാണാതായത് 17 പേരെന്ന് ജില്ലാ ഭരണകൂടം വാർത്താ കുറിപ്പുമിറക്കി. ഇതിലും മാറ്റം വന്നേക്കാമെന്നും ജില്ലാ കളക്ടർ പറയുന്നു.

തൊഴിലാളികളല്ലാത്ത ഇതര സംസ്ഥാനക്കാർ ആരെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കാണാതായവരിൽ ഫായിസ് എന്ന വ്യക്തിയുമുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങൾ കിട്ടാത്തതിനാൽ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്തിയിട്ടില്ല. തോട്ടത്തിലെ മുൻ ജീവനക്കാരായ അബൂബക്കറും അവറാനും യാത്ര ചെയ്തിരുന്ന കാർ ഒഴുകിപ്പോയിരുന്നു.

ഈ കാറിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നുണ്ടെങ്കിലും വാഹനം കണ്ടെടുക്കാത്തതിനാൽ ഇക്കാര്യവും സ്ഥിരീകരിക്കാനായിട്ടില്ല. അടിഞ്ഞു കൂടിയ മണ്ണ് പൂർണ്ണമായി നീക്കം ചെയ്താലേ ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം പുറത്തു വരൂ.

Exit mobile version