പുത്തുമല ദുരന്തം: ഇന്ന് കണ്ടെത്താനായത് ഒരു മൃതദേഹം മാത്രം; തിരച്ചില്‍ നാളെ തുടരും

കല്‍പ്പറ്റ: ദുരന്ത ഭൂമിയായി മാറിയ വയനാട് പുത്തുമലയില്‍ നിന്നും ഇന്ന് ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. കാണാതായ റാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചു. ഏഴ്‌ പേരെ കൂടി ഇനി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം. പത്തുപേരുടെ മൃതദേഹമാണ് പുത്തുമലയില്‍ നിന്നും ഇതുവരെ കണ്ടെത്തിയത്.

പ്രദേശത്ത് വലിയ തോതില്‍ ചെളിയും മരങ്ങളും അടിഞ്ഞതു കൊണ്ട് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്. ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടായ സാഹചര്യമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി. തെരച്ചിലിനായി എന്‍ഡിആര്‍എഫിന്റെ ഒരു സംഘം കൂടി സ്ഥലത്തെത്തി.

ഉരുള്‍ പൊട്ടലിന് മുന്‍പ് വയനാട്ടിലെ ഏറ്റവും സുന്ദരമായൊരു ഗ്രാമമായിരുന്നു പുത്തുമല. നിമിഷങ്ങള്‍ കൊണ്ടാണ് ഇവിടം ഒരു ദുരന്ത ഭൂമിയായത്. ഒരു ഗ്രാമമൊന്നാകെ ഇല്ലാതായ പുത്തുമല ഉരുള്‍പൊട്ടലില്‍ 40ലേറെ പേരെ കാണാതായെന്നായിരുന്നു രക്ഷപ്പെട്ടവരുടെ ആദ്യ പ്രതികരണം.

എന്നാല്‍ ജില്ലാ പഞ്ചായത്ത്, റവന്യൂ, അധികൃതരും ഹാരിസണ്‍ മലയാളം കമ്പനിയും നടത്തിയ വിവരശേഖരണത്തിന് ശേഷം ദുരന്തില്‍പ്പെട്ടത് 18 പേരെന്ന് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ അറിയിച്ചു. പിന്നാലെ അപകടത്തില്‍ കാണാതായത് 17 പേരെന്ന് ജില്ലാ ഭരണകൂടം വാര്‍ത്താ കുറിപ്പിറക്കി. ഈ കണക്കിലും മാറ്റം വന്നേക്കാമെന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. അപകടത്തില്‍പ്പെട്ടവര്‍ ഇതര സംസ്ഥാനക്കാരായതിനാല്‍ വിവരശേഖരണം ദുഷ്‌കരമാണ്.

173 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 8473 കുടുംബങ്ങളിലെ 31726 ആളുകളാണ് ഉള്ളത്. ഇവിടേക്കുള്ള സേവനങ്ങളുമായി സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും രംഗത്തുണ്ട്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ റവന്യൂ ഓഫീസുകള്‍ വഴി കാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കണമെന്ന് അദ്ദേഹം യോഗത്തില്‍ അഭ്യര്‍ഥിച്ചു.

Exit mobile version